ഞ്ചേശ്വരം: കിലോമീറ്ററുകളോളം തകർന്ന് തരിപ്പണമായിട്ടും അറ്റകുറ്റപ്പണി നടത്താതെ മഞ്ചേശ്വരം ബീച്ച് റോഡ്. കാലവർഷം കനത്തതോടെ റോഡ് പൂർണ്ണമായും ചെളിക്കുളമായി മാറിയിരിക്കുകയാണ്. മഞ്ചേശ്വരം ചർച്ച് ബീച്ച് റോഡ് മുതൽ കണ്വതീർഥ വരെയുള്ള പ്രധാന തീരദേശ പാതയാണ് കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി കുണ്ടും കുഴിയും നിറഞ്ഞ് കാൽനടയാത്ര പോലും സാധ്യമല്ലാത്ത വിധം ശോച്യാവസ്ഥയിലായിരിക്കുന്നത്.
ചെളിക്കുളമായി റോഡുകൾ; അപകടങ്ങൾ പതിവ്
മഴക്കാലം ആരംഭിച്ചതോടെ റോഡിലെ വൻ കുഴികളിൽ ചെളിവെള്ളം കെട്ടിനിൽക്കുകയാണ്. ഇതുവഴി ഇരുചക്ര വാഹനങ്ങളും ചെറുവാഹനങ്ങളും കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നത് ഇവിടെ നിത്യസംഭവമായി മാറിയിരിക്കുന്നു. കാൽനടയാത്രക്കാർക്ക് വസ്ത്രത്തിൽ ചെളി പുരളാതെ ഇതിലൂടെ നടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ്. മഞ്ചേശ്വരത്തെ ഏറ്റവും പ്രധാനപ്പെട്ട തീരദേശ റോഡുകളിലൊന്നായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി.
ടൂറിസം മേഖലയ്ക്കും തിരിച്ചടി
മഞ്ചേശ്വരം കടപ്പുറം, കുണ്ടുകുളുക്കെ, കണ്വതീർഥ എന്നിവിടങ്ങളിലേക്ക് ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് വിനോദസഞ്ചാരത്തിനായി എത്തിച്ചേരുന്നത്. കണ്വതീർഥ ബീച്ചിലേക്ക് ദേശീയപാതയിൽ നിന്ന് മനോഹരമായ റോഡ് നിർമിച്ചിട്ടുണ്ടെങ്കിലും, കഴിഞ്ഞ മഴക്കാലത്ത് അവിടുത്തെ ടൂറിസം വകുപ്പിന്റെ നിർമിതികളെല്ലാം കടലെടുത്ത് നശിച്ചിരുന്നു. ഇതോടെ അങ്ങോട്ടേക്ക് സഞ്ചാരികളുടെ വരവ് കുറഞ്ഞു.
നിലവിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഭൂരിഭാഗം വിനോദസഞ്ചാരികളും സമയം ചെലവഴിക്കാനായി ആശ്രയിക്കുന്നത് മഞ്ചേശ്വരം കടപ്പുറത്തിനും കണ്വതീർഥയ്ക്കും ഇടയിലുള്ള കുണ്ടുകുളുക്കെ ബീച്ചിനെയാണ്.
മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖത്തിന് സമീപത്തുനിന്നും കണ്വതീർഥ വഴിയും കുണ്ടുകുളുക്കയിലേക്ക് എത്തുന്ന പ്രധാന പാതയാണ് ഇപ്പോൾ പൂർണ്ണമായും തകർന്നു കിടക്കുന്നത്.
പ്രതിഷേധം ശക്തം
പ്രദേശത്തെ ടൂറിസം സാധ്യതകളെപ്പോലും ഇല്ലാതാക്കുന്ന രീതിയിലാണ് അധികൃതരുടെ ഈ അനാസ്ഥ. അറ്റകുറ്റപ്പണികൾ പോലും നടത്താതെ റോഡ് ഈ അവസ്ഥയിൽ ഇട്ടിരിക്കുന്നതിനെതിരെ നാട്ടുകാർക്കും യാത്രക്കാർക്കുമിടയിൽ പ്രതിഷേധം ശക്തമാവുകയാണ്. വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.












Leave a Reply