കാസർകോട്: ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ മാർപ്പിനടുക്കയിൽ യുവാവ് കുത്തേറ്റു മരിച്ച കേസിൽ പ്രതികൾ മണിക്കൂറുകൾക്കകം പിടിയിൽ. കുംബഡാജെ മയിൽതൊട്ടി സ്വദേശി കിരൺ (30), കറുവത്തടുക്ക സ്വദേശി അഖിലേഷ് (25) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കർണാടകയിലെ പുത്തൂരിൽ നിന്നാണ് പ്രതികളെ വലയിലാക്കിയത്.
കുംബഡാഡെ സർവീസ് സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനും മാർപ്പിനടുക്ക ബദകുഡ്‌ലു ഹൗസ് സ്വദേശിയുമായ സുരേഷ് (42) ആണ് കഴിഞ്ഞ ഞായറാഴ്ച രാത്രി കൊല്ലപ്പെട്ടത്. കുംബഡാജെ സഹകരണ ബാങ്കിന് സമീപമായിരുന്നു ദാരുണമായ കൊലപാതകം നടന്നത്.
കൊലപാതകത്തിലേക്ക് നയിച്ചത് ക്രിക്കറ്റ് കളിക്കിടെയുള്ള തർക്കം
ഞായറാഴ്ച വൈകുന്നേരം കുംബഡാജെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടയിൽ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു. ഗ്രൗണ്ടിലുണ്ടായ തർക്കത്തിന്റെ വൈരാഗ്യത്തിൽ, പ്രതികൾ ബാങ്ക് പരിസരത്തെത്തി സുരേഷിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതിവേഗ നീക്കവുമായി പൊലീസ്
കൊലപാതകം നടന്ന് 24 മണിക്കൂറിനകം തന്നെ പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചു. കാസർകോട് എ.എസ്.പി അച്യുത് അശോക്, ബദിയഡുക്ക പൊലീസ് ഇൻസ്പെക്ടർ അനൂപ് കൃഷ്ണ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കർണാടകയിലെ പുത്തൂരിൽ വെച്ച് അറസ്റ്റ് ചെയ്തത്.
അന്വേഷണ സംഘത്തിൽ എസ്.ഐമാരായ രൂപേഷ്, സുകുമാരൻ, പ്രസാദ്, സജീവൻ, സിവിൽ പൊലീസ് ഓഫീസർമാരായ ഗോകുൽ, അനീഷ്, വർഗ്ഗീസ്, ശ്രീനേഷ് എന്നിവരും ഉണ്ടായിരുന്നു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.
ബദിയഡുക്കയിലെ സുരേഷിന്റെ കൊലപാതകം; പ്രതികൾ 24 മണിക്കൂറുകൾക്കകം അറസ്റ്റിൽ













Leave a Reply