നീലേശ്വരം: മുംബൈ സോമയ്യ വിദ്യാവിഹാർ യൂണിവേഴ്‌സിറ്റി നടത്തിയ എം.എ ആൻഷ്യന്റ് ഇന്ത്യൻ ഹിസ്റ്ററി കൾച്ചർ ആൻഡ് ആർക്കിയോളജി പരീക്ഷയിൽ നീലേശ്വരം സ്വദേശിനിക്ക് ഉന്നതവിജയം. പടിഞ്ഞാറ്റംകൊഴുവൽ സ്വദേശിനി അനാമിക ജയരാജാണ് ഒന്നാം റാങ്കും സ്വർണമെഡലും കരസ്ഥമാക്കി നാടിന് അഭിമാനമായത്.
യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കെ.ജെ. സോമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ധർമ സ്റ്റഡീസിലെ വിദ്യാർഥിനിയാണ് അനാമിക. പ്രവാസിയായ വേങ്ങയിൽ മഠത്തിൽ ജയരാജ് നമ്പ്യാരുടെയും കെ.പി.ബി നിധി ലിമിറ്റഡ് റീജിയണൽ മാനേജർ ജയന്തി ജയരാജിന്റെയും മകളാണ്. ഈ മാസം 26-ന് മുംബൈയിൽ വെച്ച് നടക്കുന്ന അഞ്ചാമത് കോൺവോക്കേഷൻ ചടങ്ങിൽ അനാമികയ്ക്ക് സ്വർണമെഡൽ സമ്മാനിക്കും.
കണ്ണൂർ സർവകലാശാലയിൽ നിന്ന് ബി.എ ഹിസ്റ്ററിയിൽ ഉന്നതവിജയം നേടിയ ശേഷമാണ് അനാമിക ഉപരിപഠനത്തിനായി മുംബൈയിലെത്തിയത്. പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും മികവ് പുലർത്തിയ അനാമിക കണ്ണൂർ സർവകലാശാലയിലെ മികച്ച എൻ.എസ്.എസ് വൊളന്റിയറായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഗുൽബർഗയിൽ സംഘടിപ്പിച്ച നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിലും ഉത്തർപ്രദേശിൽ നടന്ന കേന്ദ്ര സർക്കാരിന്റെ ‘യുവസംഗം’ പ്രോഗ്രാമിലും കേരളത്തെ പ്രതിനിധീകരിച്ച് അനാമിക പങ്കെടുത്തിട്ടുണ്ട്.














Leave a Reply