കാസർകോട്: സംസ്ഥാന സർക്കാർ കേന്ദ്രത്തിന് സമർപ്പിക്കുന്ന എയിംസ് (AIIMS) പ്രൊപ്പോസലിൽ കാസർകോട് ജില്ലയുടെ പേര് കൂടി ഉൾപ്പെടുത്തണമെന്ന ന്യായമായ ആവശ്യവുമായി എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കൂട്ടായ്മ ഭാരവാഹികൾ കാസർകോട് ജില്ലയുടെ ചാർജുള്ള തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ. കെ.എം. ഷാജിക്ക് നിവേദനം സമർപ്പിച്ചു. കാസർകോട് ഗസ്റ്റ് ഹൗസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
ഉദുമ എം.എൽ.എ ശ്രീ. കെ. നീലകണ്ഠന്റെ സാന്നിധ്യത്തിലാണ് ജനകീയ കൂട്ടായ്മ ഭാരവാഹികൾ മന്ത്രിയെ കണ്ട് ജില്ല നേരിടുന്ന കടുത്ത ആരോഗ്യ പിന്നാക്കാവസ്ഥ ബോധ്യപ്പെടുത്തിയത്. വിഷയത്തിൽ അനുകൂലമായ നടപടികൾ സ്വീകരിക്കാമെന്നും പ്രൊപ്പോസലിൽ കാസർകോടിന്റെ പേര് ചേർക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്താമെന്നും മന്ത്രി ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു.
ശാശ്വത പരിഹാരം എയിംസ് മാത്രം
ഭൂമിശാസ്ത്രപരമായ ഒറ്റപ്പെടലും മെച്ചപ്പെട്ട ഉന്നത ചികിത്സാ സൗകര്യങ്ങളുടെ അഭാവവും കാരണം കാസർകോട് ജില്ലയിലെ ജനങ്ങൾ ദശാബ്ദങ്ങളായി അനുഭവിക്കുന്ന ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ജില്ലയ്ക്ക് എയിംസ് അനുവദിക്കുകയേ നിവൃത്തിയുള്ളൂ എന്ന് ഭാരവാഹികൾ മന്ത്രിയെ ധരിപ്പിച്ചു. അടിയന്തര ഘട്ടങ്ങളിൽ അയൽ സംസ്ഥാനങ്ങളെപ്പോലും ആശ്രയിക്കേണ്ടി വരുന്ന കാസർകോടിന്റെ ദുരവസ്ഥയ്ക്ക് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സവിശേഷ ശ്രദ്ധ വേണമെന്നും സംഘം ആവശ്യപ്പെട്ടു.
എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ പ്രസിഡന്റ് ഗണേഷൻ അരമങ്ങാനം, ട്രഷറർ സലീം സന്ദേശം, കോർഡിനേറ്റർ ശ്രീനാഥ് ശശി, വൈസ് പ്രസിഡന്റുമാരായ അഹമ്മദ് കിർമാണി, നാസർ ചെർക്കളം, സെക്രട്ടറി സിസ്റ്റർ ജയാ ആന്റോ മംഗലത്ത് എന്നിവരടങ്ങുന്ന സംഘമാണ് മന്ത്രിക്ക് നിവേദനം കൈമാറിയത്.













Leave a Reply