സഹോദരിയെ വധിക്കാൻ ശ്രമിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ; സംഭവം കാസർകോട് അഡൂരിൽ

കാസർകോട്: സഹോദരിയെ വധിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി അടുത്തിടെ ജാമ്യത്തിൽ ഇറങ്ങിയ യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ അഡൂർ, ചാമക്കൊച്ചിയിലെ ശ്രീകൃഷ്ണ നിലയത്തിൽ രഘുരാമ റാവുവിന്റെ മകൻ കൃഷ്ണപ്രസാദ് (34) ആണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ടോടെ വീട്ടിനുള്ളിലെ ഹാളിൽ നിലത്തു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൃഷ്ണപ്രസാദ് താമസിച്ചിരുന്ന വീട്ടിനുള്ളിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന് നാട്ടുകാരും ജനപ്രതിനിധികളും ചേർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. എട്ടാം വാർഡ് മെമ്പർ വിദ്യ മഹേഷിന്റെ പരാതിയിൽ ആദൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി കേസെടുത്തു.

സഹോദരിയെ വധിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന കൃഷ്ണപ്രസാദ് ദിവസങ്ങൾക്ക് മുൻപാണ് ജാമ്യത്തിലിറങ്ങിയത്. ഇയാൾ ജാമ്യത്തിൽ ഇറങ്ങിയതിനെ തുടർന്ന് സുരക്ഷ മുൻനിർത്തി മാതാപിതാക്കളായ രഘുരാമ റാവുവും പത്മാവതിയും ഇളയ സഹോദരി ശ്രീലതയും ബംഗളൂരുവിലുള്ള മറ്റു മക്കളായ സഹന, വൈശാലി എന്നിവരുടെ അടുത്തേക്ക് താമസം മാറിയിരുന്നു. ഇതിനാൽ കൃഷ്ണപ്രസാദ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം.

വിഷം അകത്തുചെന്നതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക റിപ്പോർട്ട്. കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ ആദൂർ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *