കാസർകോട്: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ അഞ്ചാമത്തെ പ്രതിയും ബേക്കൽ പൊലീസിന്റെ പിടിയിലായി. പാക്കം ചെർക്കാപ്പാറയിലെ അഞ്ചില്ലത്ത് വീട്ടിൽ എ.ജി. ഷാഹിദ് (35) ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു.
ഇതോടെ, സംഭവവുമായി ബന്ധപ്പെട്ട് ബേക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത അഞ്ച് പോക്സോ കേസുകളിലെയും മുഴുവൻ പ്രതികളും അറസ്റ്റിലായിരിക്കുകയാണ്.
16 വയസ്സുകാരൻ ഉൾപ്പെടെ നാലുപേരെ പൊലീസ് നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. കോട്ടിക്കുളം റെയിൽവേ സ്റ്റേഷന് സമീപത്തെ സാലി എന്ന മുഹമ്മദ് സാലിഹ് (29), പെരുമ്പള കോളിയടുക്കത്തെ ഷെരീഫ് കടപ്പളം (40), മൈലാട്ടി കൂട്ടപ്പുന്ന സ്വദേശിയും തച്ചങ്ങാട് താമസക്കാരനുമായ എ.ടി. മുഹമ്മദ് നൗഷാദ് (39), ഒപ്പം ഒരു 16-കാരനുമാണ് കേസിൽ നേരത്തെ പിടിയിലായത്.
ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ഷാഹിദ് നിരവധി തവണ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഈ ഡിജിറ്റൽ തെളിവുകളും ഫോൺ കോളുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ വേഗത്തിൽ തിരിച്ചറിയാൻ പൊലീസിന് സഹായകമായത്. ചൈൽഡ് വെൽഫെയർ അധികൃതർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബേക്കൽ പൊലീസ് കേസുകൾ രജിസ്റ്റർ ചെയ്ത് അന്വേഷണം ശക്തമാക്കിയത്.













Leave a Reply