തൃശൂർ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ തീരാവേദനകൾ അതിജീവിച്ച ശ്രുതി പുതിയ ജീവിതത്തിലേക്ക് കാലെടുത്തു വെച്ചു. വയനാട് കളക്ടറേറ്റിലെ റവന്യൂ വകുപ്പ് ജീവനക്കാരനും മാനന്തവാടി സ്വദേശിയുമായ സന്ദീപ് ശങ്കരനാണ് ശ്രുതിക്ക് താലി ചാർത്തിയത്. ഗുരുവായൂർ ക്ഷേത്രനടയിൽ വെച്ച് ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.
മുൻ റവന്യൂ മന്ത്രിയും എം.എൽ.എയുമായ കെ. രാജൻ വിവാഹത്തിൽ മുഖ്യ സാന്നിധ്യമായി പങ്കെടുക്കുകയും രക്ഷാകർത്താവിന്റെ സ്ഥാനത്തുനിന്ന് ശ്രുതിയെ സന്ദീപിന്റെ കൈകളിൽ ഏൽപ്പിക്കുകയും ചെയ്തു. ബന്ധുക്കളും സുഹൃത്തുക്കളും കളക്ടറേറ്റിലെ സഹപ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
“എല്ലാം അറിഞ്ഞുകൊണ്ടാണ് സന്ദീപ് എന്റെ കൈപിടിച്ചത്. തുടർജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു,” എന്ന് വിവാഹശേഷം ശ്രുതി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇത് പുതിയൊരു തുടക്കമാണെന്നും എല്ലാം മംഗളമായി ഭവിക്കട്ടെയെന്നും വരൻ സന്ദീപും പറഞ്ഞു.
കണ്ണീരോർമ്മകളിൽ നിന്ന് അതിജീവനത്തിലേക്ക്
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടന്റായി ജോലി ചെയ്തുവരവെയാണ് ശ്രുതിയുടെ ജീവിതത്തിലേക്ക് കരിനിഴൽ വീഴ്ത്തി മുണ്ടക്കൈ ദുരന്തമെത്തുന്നത്. 2024 ജൂലൈ 30-നുണ്ടായ ഉരുൾപൊട്ടലിൽ അച്ഛനും അമ്മയും അനുജത്തിയും അടക്കം കുടുംബത്തിലെ ഒൻപത് പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. ജോലിസ്ഥലത്തായിരുന്നതിനാൽ മാത്രമാണ് അന്ന് ശ്രുതി രക്ഷപ്പെട്ടത്.
ഉറ്റവരെല്ലാം നഷ്ടപ്പെട്ട് തളർന്നുപോയ ശ്രുതിക്ക് അന്ന് തുണയായത് പ്രതിശ്രുത വരനായിരുന്ന അമ്പലവയൽ ആണ്ടൂർ സ്വദേശി ജെൻസനായിരുന്നു. മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കി 2024 ഡിസംബറോടെ വിവാഹം ലളിതമായി നടത്താൻ നിശ്ചയിച്ചിരിക്കെ, മറ്റൊരു ദുരന്തം കൂടി ജെൻസന്റെ ജീവനെടുത്തു. 2024 സെപ്റ്റംബർ 10-നുണ്ടായ വാഹനാപകടത്തിൽ ജെൻസൻ മരണപ്പെടുകയും, ഒപ്പമുണ്ടായിരുന്ന ശ്രുതിക്ക് കാലുകൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
തുടർന്ന് സർക്കാർ നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പിൽ ക്ലർക്കായി ജോലി ലഭിച്ച ശ്രുതി, 2024 ഡിസംബർ 9-ന് വയനാട് കളക്ടറേറ്റിൽ ജോലിയിൽ പ്രവേശിച്ചു. അവിടെ വെച്ചുണ്ടായ സൗഹൃദമാണ് മാനന്തവാടി സ്വദേശിയായ സന്ദീപുമായുള്ള വിവാഹത്തിലേക്ക് എത്തിയത്.
















Leave a Reply