ബംബ്രാണയിൽ കാർ വൈദ്യുതി തൂണിലിടിച്ച് അപകടം; തൂണും കമ്പികളും കാറിന് മുകളിലേക്ക് വീണു

കുമ്പള: നിയന്ത്രണം വിട്ട കാർ വൈദ്യുതി തൂണിലിടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ പൊട്ടി വീണ വൈദ്യുതി തൂണും കമ്പികളും കാറിന് മുകളിലേക്ക് വീണെങ്കിലും യാത്രക്കാരായ കർണാടക സ്വദേശികൾ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽ കർണാടക ദേർളക്കട്ട സ്വദേശി നിതിന് (20) തലയ്ക്ക് പരിക്കേറ്റു. ഇയാളെ കുമ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പ്രാഥമിക ചികിത്സ നൽകി.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കുമ്പള ബംബ്രാണയിലാണ് അപകടം നടന്നത്. കളത്തൂരിലെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ബംബ്രാണയിൽ വെച്ച് നിയന്ത്രണം വിട്ട കാർ റോഡരികിലേക്ക് ഇറങ്ങി സമീപത്തെ വൈദ്യുതി തൂണിലേക്ക് ശക്തമായി ഇടിച്ചു കയറുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ വൈദ്യുതി തൂൺ ഒടിഞ്ഞ് ലൈൻ കമ്പികൾ സഹിതം കാറിന് മുകളിലേക്ക് വീഴുകയായിരുന്നു. കാറിലുണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്.

അപകടത്തെ തുടർന്ന് ഹൈടെൻഷൻ ലൈൻ കമ്പികൾ ഉൾപ്പെടെ റോഡിലേക്ക് വീണതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. ഉളുവാർ, കളത്തൂർ, കട്ടത്തടുക്ക, അംഗഡിമുഗർ എന്നീ റൂട്ടുകളിൽ സർവീസ് നടത്തുന്ന ബസുകൾ മണിക്കൂറുകളോളം സർവീസ് നിർത്തിവെച്ചു. തുടർന്ന് കെ.എസ്.ഇ.ബി ജീവനക്കാരും നാട്ടുകാരും ചേർന്ന് റോഡിലെ വൈദ്യുതി കമ്പികളും തൂണും നീക്കം ചെയ്ത ശേഷം വൈകിട്ട് നാല് മണിയോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *