കുവൈത്തിൽ മലയാളി നഴ്സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; 11 പേർക്ക് പരിക്ക്

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി വനിതാ നഴ്സുമാർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 11 പേർക്ക് പരിക്കേറ്റു. അബ്ബാസിയയിൽ നിന്ന് ഫർവാനിയ ആശുപത്രിയിലേക്ക് രാത്രി ഷിഫ്റ്റ് ജോലിക്കായി പോവുകയായിരുന്ന നഴ്സുമാരാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ മലയാളി നഴ്സായ നൈസിൽ സുനിലിന്റെ ഒരു കൈ നഷ്ടപ്പെട്ടു. ബസിലുണ്ടായിരുന്ന മറ്റ് പത്ത് പേരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ഗ്ലാസിയർ ട്രാൻസ്‌പോർട്ടേഷൻ കമ്പനിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടം നടന്നയുടൻ ബസ് ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായാണ് വിവരം.

പരിക്കേറ്റവരെ ഉടൻതന്നെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മിക്കവരുടെയും തോളിനും ശരീരത്തിന്റെ വിവിധ ഭാഗങ്ങൾക്കുമാണ് പരിക്കേറ്റത്. ഇവർക്ക് വിദഗ്ധ ചികിത്സ നൽകിവരികയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തെക്കുറിച്ച് പ്രാദേശിക പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *