തിരുവനന്തപുരം: ബാറുകളിൽ എത്തുന്നവരുടെ ആധാർ കാർഡ് പരിശോധിച്ച് പ്രായം ഉറപ്പുവരുത്തിയ ശേഷം മാത്രമേ മദ്യം വിൽക്കാൻ പാടുള്ളൂ എന്ന് എക്സൈസ് മന്ത്രി എം. ലിജു വ്യക്തമാക്കി. പ്രായപൂർത്തിയാകാത്തവർക്ക് മദ്യം നൽകുന്ന ബാറുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും അത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്നും മന്ത്രി അറിയിച്ചു. കേരളത്തിൽ നിയമപരമായി മദ്യപിക്കാനുള്ള കുറഞ്ഞ പ്രായപരിധി 23 വയസ്സാണ്.
നെടുംബാശ്ശേരിയിൽ ഉണ്ടായ അപകടവുമായി ബന്ധപ്പെട്ട് എക്സൈസിനോട് സ്വമേധയാ കേസെടുക്കാൻ ആവശ്യപ്പെട്ടത് താനാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കുട്ടികൾക്ക് മദ്യം നൽകിയ ബാറുകളുടെ ലൈസൻസ് ഇതിനകം സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. കൊട്ടിഘോഷിക്കപ്പെടുന്നില്ലെങ്കിലും എക്സൈസ് വകുപ്പ് മികച്ച പ്രവർത്തനമാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട ആദ്യഘട്ട ചർച്ചകൾ പൂർത്തിയായി. ടൂറിസം മേഖലയ്ക്ക് കോട്ടം തട്ടാത്ത വിധത്തിലും സാമൂഹിക സുരക്ഷ ഉറപ്പുവരുത്തിയും നവംബറിൽ പുതിയ മദ്യനയം പ്രഖ്യാപിക്കും. ബേക്കറികൾ വഴിയുള്ള ഹോർട്ടി വൈൻ വിൽപന ലാഘവത്തോടെ കാണേണ്ട ഒന്നല്ലെന്നും കർഷകർക്ക് ഗുണകരമാണെങ്കിലും അത് കൃത്യമായ സാമൂഹിക ഉത്തരവാദിത്തത്തോടെ മാത്രമേ വിതരണം ചെയ്യാൻ അനുവദിക്കൂ എന്നും മന്ത്രി പറഞ്ഞു. ലഹരി ഉപയോഗം കുറയ്ക്കുകയും ഉത്തരവാദിത്തമുള്ള മദ്യപാന സംസ്കാരം (റെസ്‌പോൺസിബിൾ ഡ്രിങ്കിംഗ്) പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സന്തുലിതമായ നയമാണ് സർക്കാർ നടപ്പാക്കുകയെന്നും എം. ലിജു തിരുവനന്തപുരത്ത് വ്യക്തമാക്കി.














Leave a Reply