കോഴിക്കോട്: നഗരത്തിലെ പ്രമുഖ മാളിലെ സൂപ്പർമാർക്കറ്റിൽ നിന്ന് സാധനങ്ങൾ മോഷ്ടിച്ച രണ്ട് വിദ്യാർത്ഥികളെ പന്തീരാങ്കാവ് പോലീസ് പിടികൂടി. സ്വകാര്യ സ്ഥാപനത്തിലെ ഡിജിറ്റൽ മാർക്കറ്റിംഗ് വിദ്യാർത്ഥികളായ പെരിന്തൽമണ്ണ പുളിക്കത്തൊടി സ്വദേശി മുഹമ്മദ് ഷമീർ (21), തോട്ടേക്കാട് ആലിക്കപ്പറമ്പിൽ സബിത (19) എന്നിവരാണ് അറസ്റ്റിലായത്.
പന്തീരാങ്കാവിന് സമീപമുള്ള ഹൈലൈറ്റ് മാളിലെ സൂപ്പർമാർക്കറ്റിലാണ് സംഭവം നടന്നത്. വിൽപ്പനയ്ക്കായി ഡിസ്പ്ലേയിൽ വെച്ചിരുന്ന എണ്ണായിരം രൂപയോളം വിലവരുന്ന സൗന്ദര്യവർധക വസ്തുക്കളാണ് ഇരുവരും ചേർന്ന് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കവർന്നത്.
സാധനങ്ങൾ നഷ്ടപ്പെട്ട വിവരം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സൂപ്പർമാർക്കറ്റ് അധികൃതർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്.
പിടിയിലായ സബിത മുൻപും സമാനമായ രീതിയിൽ മറ്റൊരു മാളിൽ കവർച്ച നടത്തിയിട്ടുള്ളതായി പോലീസ് വ്യക്തമാക്കി. അന്ന് ആയിരം രൂപയിലധികം വിലയുള്ള ചോക്ലേറ്റുകൾ മോഷ്ടിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സുരക്ഷാ ജീവനക്കാർ പിടികൂടിയത്. സംഭവത്തിൽ പന്തീരാങ്കാവ് പോലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചു.













Leave a Reply