ഖാദർ കരിപ്പൊടിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: പ്രവാസി വ്യവസായിയെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. നേരത്തെ കാസർകോട് ജില്ലാ സെഷൻസ് കോടതിയും ഹൈക്കോടതിയും ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. കുറ്റകൃത്യത്തിന്റെ ഗൗരവവും പ്രതിക്കെതിരെയുള്ള മുൻകാല ക്രിമിനൽ കേസുകളും ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയും ജാമ്യം നിഷേധിച്ചത്. നിലവിൽ ഒളിവിൽ കഴിയുന്ന ഖാദർ കരിപ്പൊടിയെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

പള്ളിക്കര സ്വദേശിയായ അബ്‌ദുൽ അഹദിനെ മർദിച്ച സംഭവത്തിൽ ഖാദറിന് പുറമെ റാഷിദ് എന്ന സാക്കി, അഷ്റഫ് എന്നിവർക്കെതിരെയും കാസർകോട് ടൗൺ പോലീസ് കേസെടുത്തിരുന്നു. ഗൾഫിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് പിന്നിലെന്നാണ് കേസ്. അക്രമത്തിൽ അബ്‌ദുൽ അഹദിന്റെ മുഖത്തും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ച് മർദിക്കുകയും പേനാക്കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു എന്നാണ് പരാതി. ഖാദർ കരിപ്പൊടിക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പത്തോളം കേസുകൾ നിലവിലുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു. ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *