തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു. ഒക്ടോബർ 28 മുതൽ നവംബർ 1 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ താപനില സാധാരണയേക്കാൾ 3 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്നതിനാൽ കർശന മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
പകൽ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി വെയിലേൽക്കുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ദാഹം തോന്നിയില്ലെങ്കിലും ധാരാളം ശുദ്ധജലം കുടിക്കണം. നിർജലീകരണത്തിന് കാരണമാകുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് പൂർണമായും ഒഴിവാക്കുക. അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാനും, പുറത്തിറങ്ങുമ്പോൾ പാദരക്ഷകളും കുടയോ തൊപ്പിയോ ഉപയോഗിക്കാനും നിർദേശമുണ്ട്. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിനൊപ്പം ഒ.ആർ.എസ് ലായനി, സംഭാരം എന്നിവയുടെ ഉപയോഗം വർധിപ്പിക്കണം.
മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടിത്ത സാധ്യത കൂടുതലായതിനാൽ കൃത്യമായ ഫയർ ഓഡിറ്റും സുരക്ഷാ മുൻകരുതലുകളും ഉറപ്പാക്കണം. കാട്ടുതീ വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പുലർത്തുകയും വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യണം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശുദ്ധജലവും ക്ലാസ് മുറികളിൽ വായുസഞ്ചാരവും ഉറപ്പാക്കാൻ സ്കൂൾ അധികൃതർ നടപടി സ്വീകരിക്കണം. വിദ്യാർഥികൾക്ക് വെയിലേൽക്കുന്ന തരത്തിലുള്ള അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ വേണം. ഉല്ലാസയാത്ര പോകുന്ന സ്കൂളുകൾ പകൽ 11 മുതൽ 3 മണി വരെ കുട്ടികൾക്ക് നേരിട്ട് വെയിലേൽക്കുന്നില്ലെന്ന് ഉറപ്പാക്കണം. അങ്കണവാടികളിലും കുട്ടികൾക്ക് ചൂടേൽക്കാത്ത ക്രമീകരണങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജീവനക്കാരും ഒരുക്കണം.
പ്രായമായവർ, ഗർഭിണികൾ, കിടപ്പുരോഗികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർ പകൽ 11 മുതൽ 3 വരെ നേരിട്ട് വെയിലേൽക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണം. ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർക്ക് കമ്പനികൾ ആവശ്യമായ സുരക്ഷാ നിർദേശങ്ങളും വിശ്രമവേളകളും അനുവദിക്കണം. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ എന്നിവർ ജോലി സമയം ക്രമീകരിക്കേണ്ടതാണ്. മാധ്യമപ്രവർത്തകരും പോലീസും വെയിൽ കൊള്ളുന്നത് പരമാവധി ഒഴിവാക്കാനും പൊതുപരിപാടികളിൽ കുടിവെള്ളവും തണലും ഉറപ്പുവരുത്താനും നിർദേശമുണ്ട്.
ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും വളർത്തുമൃഗങ്ങളെ തുറസായ സ്ഥലങ്ങളിൽ കെട്ടിയിടുന്നതും ഒഴിവാക്കണം. കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ നിർത്തിയിട്ട വാഹനങ്ങളിൽ തനിച്ചിരുത്തി പോകരുത്. ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും വിദഗ്ധ വൈദ്യസഹായം തേടുകയും ചെയ്യണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.















Leave a Reply