കാസർകോട്: വിനോദസഞ്ചാര ഭൂപടത്തിൽ ബേക്കലിന്റെ പ്രാധാന്യം ആഗോളതലത്തിൽ ഉയർത്തിപ്പിടിക്കാനും കാസർകോടിന്റെ സാംസ്കാരിക പൈതൃകം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനുമായി സംഘടിപ്പിക്കുന്ന ‘ബേക്കൽ ഇന്റർനാഷണൽ ബീച്ച് ഫെസ്റ്റ് 2K26’-ന്റെ സംഘാടകസമിതി രൂപീകരിച്ചു. ഡിസംബർ 23 മുതൽ 31 വരെ ഒമ്പത് ദിവസങ്ങളിലായി വിപുലമായ പരിപാടികളോടെ ബേക്കൽ ബീച്ചിലാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്.
ബേക്കൽ ബീച്ച് പാർക്കിൽ ചേർന്ന സംഘാടകസമിതി രൂപീകരണ യോഗം എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഉദുമ എം.എൽ.എ അഡ്വ. സി.എച്ച്. കുഞ്ഞമ്പു ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
നാടിന്റെ ഐക്യവും സൗഹൃദവും വിളിച്ചോതുന്ന ജനകീയ ഉത്സവമായി ബേക്കൽ ഫെസ്റ്റ് മാറണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് എം.എൽ.എ വ്യക്തമാക്കി. കാസർകോടിന്റെ ടൂറിസം വികസനത്തിനും സാമ്പത്തിക ഉണർവിനും ഫെസ്റ്റ് വലിയ സംഭാവന നൽകുമെന്ന് അധ്യക്ഷപ്രസംഗത്തിൽ വ്യക്തമാക്കി.
സപ്തഭാഷാ സംഗമഭൂമിയായ കാസർകോടിന്റെ തനത് പാരമ്പര്യം, പ്രകൃതിഭംഗി, കലാരൂപങ്ങൾ എന്നിവ കോർത്തിണക്കിയാണ് ഫെസ്റ്റ് രൂപകൽപ്പന ചെയ്യുന്നത്. പ്രദേശത്തിന്റെ സാംസ്കാരിക തനിമ ദേശീയ-അന്തർദേശീയ തലങ്ങളിൽ കൂടുതൽ ശ്രദ്ധേയമാക്കാൻ ഈ മഹോത്സവം വഴിയൊരുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
യോഗത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, ആർ.ഡി.ഒ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ബി.ആർ.ഡി.സി ഉദ്യോഗസ്ഥർ, വകുപ്പുതല ജീവനക്കാർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. ജനപങ്കാളിത്തത്തോടെ ഫെസ്റ്റ് വൻ വിജയമാക്കാൻ യോഗം തീരുമാനിച്ചു.













Leave a Reply