കാസര്‍കോട് നഗരസഭാ കവാടത്തിലെ സത്യാഗ്രഹ സമരം; ബിജെപി കൗണ്‍സിലര്‍മാരെ അറസ്റ്റു ചെയ്തു നീക്കി

കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ ജനാധിപത്യ വിരുദ്ധ നിലപാട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ ഓഫീസ് കവാടത്തില്‍ അനിശ്ചിതകാല സമരം നടത്തിയ ബിജെപി കൗണ്‍സിലര്‍മാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. കൊളക്കബയല്‍ റോഡിലെ കെആര്‍ ഹരീഷ് (47), കൊറക്കോട്ടെ ജികെ മധുകര(43), ബീരന്ത് വയലിലെ അരുണ്‍ കുമാര്‍ ഷെട്ടി (60), കേളുഗുഡ്ഡെയിലെ കെ ഗുരുപ്രസാദ് പ്രഭു (40), ഭൂപാസ് കോമ്പൗണ്ടിലെ രവീന്ദ്ര പൂജാരി (60), എസ് വി ടി റോഡിലെ രാമകൃഷ്ണ ഹൊള്ള, അമേയ് റോഡിലെ ജി രാജേഷ് (30), ജെപി നഗറിലെ ബി ശാരദ (48), മധൂര്‍ റോഡിലെ കെഎസ് ശ്രുതി (39), കടപ്പുറത്തെ ആര്‍ രേഷ്മ (38), കൊറക്കോട്ടെ എംകെ ദിവ്യ (38) എന്നിവരെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്പെക്ടര്‍ മെല്‍ബിന്‍ ജോസും സംഘവും അറസ്റ്റു ചെയ്തു നീക്കിയത്. കെപി ആര്‍ റാവു റോഡില്‍ പെയ്ഡ് പാര്‍ക്കിംഗ് കരാര്‍ ക്ഷണിച്ചത് ഏകപക്ഷീയമാണെന്നും കരാര്‍ പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി കൗണ്‍സിലര്‍മാര്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചത്. ഓഫീസ് പ്രവര്‍ത്തന സമയം കഴിഞ്ഞിട്ടും സത്യഗ്രഹം തുടര്‍ന്നതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തി പ്രതിഷേധക്കാരെ നീക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *