സംസ്ഥാന സ്കൂൾ കായികമേള: ദീപശിഖാ പ്രയാണത്തിന് വെള്ളിയാഴ്ച ചായ്യോത്ത് സ്കൂളിൽ നിന്ന് തുടക്കം

നീലേശ്വരം: സംസ്ഥാന സ്കൂൾ കായികമേളയോടനുബന്ധിച്ചുള്ള ദീപശിഖാ പ്രയാണം വെള്ളിയാഴ്ച ആരംഭിക്കും. നിരവധി ദേശീയ കായിക താരങ്ങളെ വളർത്തിയെടുത്ത ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്നാണ് പ്രയാണം ആരംഭിക്കുന്നത്.

രാവിലെ ഒമ്പത് മണിക്ക് കാഞ്ഞങ്ങാട് എം.എൽ.എ. ഗോവിന്ദൻ പള്ളിക്കാപ്പിൽ ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം ചടങ്ങിൽ അധ്യക്ഷത വഹിക്കും. തുടർന്ന് അന്തർദേശീയ കായിക പ്രതിഭ കെ.സി. സർവാൻ ദീപശിഖ ഏറ്റുവാങ്ങും.

കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ വരെ ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കായിക താരങ്ങൾ ദീപശിഖാ പ്രയാണത്തിൽ പങ്കെടുക്കും. കാസർകോട് ജില്ലയിൽ നീലേശ്വരം രാജാസ് സ്കൂളിലും, പിലിക്കോട് സി.കെ.എൻ. ഹയർ സെക്കൻഡറി സ്കൂളിലും ദീപശിഖയ്ക്ക് ഊഷ്മളമായ സ്വീകരണം നൽകും.

കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സി., ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എം. മനു, ഒക്ലാവ് കൃഷ്ണൻ എന്നിവർ ചടങ്ങിൽ സംബന്ധിക്കും. നീലേശ്വരത്ത് നടക്കുന്ന സ്വീകരണ പരിപാടിയിൽ മുനിസിപ്പൽ ചെയർമാൻ മുഹമ്മദ് റാഫിയും, പിലിക്കോട്ട് സന്ദീപ് വാര്യർ എം.എൽ.എയും പങ്കെടുക്കും.

സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട് എൻ.ഐ.ടി.യിലാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *