ട്രെയിനിൽ പെൺകുട്ടിയെ ശല്യം ചെയ്ത സംഭവം: രണ്ടുപേർ കാസർകോട് റെയിൽവേ പൊലീസിന്റെ പിടിയിൽ

കാസർകോട്: ഓടുന്ന ട്രെയിനിൽ പെൺകുട്ടിയെ ശല്യം ചെയ്ത രണ്ടുപേരെ കാസർകോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കുറ്റൂർ സ്വദേശി ഇ. ദീപു (36), എരമം സ്വദേശി പ്രമോദ് (54) എന്നിവരാണ് പിടിയിലായത്.

കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനം കഴിഞ്ഞ് കുടുംബത്തോടൊപ്പം ഓഖ എക്സ്പ്രസിൽ കാഞ്ഞങ്ങാട്ടേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിക്കാണ് ദുരനുഭവമുണ്ടായത്. ട്രെയിൻ കാഞ്ഞങ്ങാട് സ്റ്റേഷന് സമീപമെത്തിയപ്പോൾ പ്രതികൾ പെൺകുട്ടിക്ക് മാനഹാനി വരുത്തുന്ന രീതിയിൽ അപമര്യാദയായി പെരുമാറുകയായിരുന്നു.

കാഞ്ഞങ്ങാട് സ്റ്റേഷനിൽ ട്രെയിനിറങ്ങിയ പെൺകുട്ടി ഉടൻതന്നെ പ്ലാറ്റ്‌ഫോമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ആർ.പി.എഫ് ഉദ്യോഗസ്ഥനെ കണ്ട് വിവരം അറിയിച്ചു. തുടർന്ന് അദ്ദേഹം റെയിൽവേ പൊലീസിന് അടിയന്തരമായി വിവരം കൈമാറുകയായിരുന്നു.

വിവരമറിഞ്ഞയുടൻ റെയിൽവേ പൊലീസ് എസ്.ഐ രാജീവൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ വിജിത്ത്, സി.പി.ഒ ജ്യോതിഷ് ജോസ്, ആർ.പി.എഫ് കോൺസ്റ്റബിൾ ടി.സി. സോജൻ എന്നിവരടങ്ങുന്ന സംഘം പ്രതികളെ ചൊവ്വാഴ്ച തന്നെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളെ കാഞ്ഞങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *