എസ്.ഐ.ആറിനെതിരായ പ്രതിഷേധം വ്യാജ, ഇരട്ട വോട്ടർമാരെ നീക്കം ചെയ്തതിലുള്ള ഭയം കാരണം: ബിജെപി ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി

ദേലമ്പാടി: സ്വാതന്ത്ര്യാനന്തരം ഒമ്പത് തവണ വോട്ടർപട്ടിക ശുദ്ധീകരിച്ചിട്ടുണ്ടെങ്കിലും ഇത്തവണ മാത്രം അതിനെതിരെ വിവാദങ്ങളുണ്ടാക്കുന്നത് ജനാധിപത്യ മാർഗ്ഗത്തിലൂടെ ഇനി തിരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ സാധിക്കില്ലെന്ന തിരിച്ചറിവുകൊണ്ടാണെന്ന് ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി. ബെള്ളിപ്പാടി ദേവറഗുണ്ട തറവാട്ട് ഹാളിൽ ചേർന്ന ബിജെപി ദേലമ്പാടി ഏരിയ കമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.

ഡൽഹിയിൽ ഏതാനും ആയിരം പേരെ മാത്രം അണിനിരത്തി രാജ്യം മുഴുവൻ പ്രതിഷേധത്തിലാണെന്ന തരത്തിൽ തെറ്റായ പ്രചാരണം അഴിച്ചുവിടാനാണ് മോദിവിരുദ്ധ ശക്തികൾ ശ്രമിക്കുന്നതെന്നും എന്നാൽ ഇത് ജനങ്ങൾക്കിടയിൽ വിലപ്പോവില്ലെന്നും അശ്വിനി പറഞ്ഞു. ബംഗ്ലാദേശിലും നേപ്പാളിലും അരങ്ങേറിയതിന് സമാനമായ കലാപങ്ങൾക്കും ഭരണ അട്ടിമറികൾക്കുമാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളും വിവിധ ഇടത്-തീവ്ര സംഘടനകളും കോപ്പുകൂട്ടുന്നത്.

തിരഞ്ഞെടുപ്പ് കമ്മീഷനെതിരായ നീക്കങ്ങൾക്കപ്പുറം, ജനാധിപത്യപരമായി ജനങ്ങൾ തിരഞ്ഞെടുത്ത മോദി സർക്കാരിനെ അട്ടിമറിക്കാനും 2047-ഓടെ ഭാരതത്തെ വികസിത രാഷ്ട്രമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യങ്ങളെ തകർക്കാനുമാണ് ഈ പ്രക്ഷോഭമെന്നും ഇതിനെതിരെ ജനാധിപത്യ വിശ്വാസികൾ ജാഗ്രത പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ദേലമ്പാടി ഏരിയ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

യോഗത്തിൽ ബിജെപി ദേലമ്പാടി ഏരിയ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഉമേഷ് ബെള്ളിപ്പാടിയാണ് പുതിയ പ്രസിഡന്റ്.

മറ്റു ഭാരവാഹികൾ:

  • ജനറൽ സെക്രട്ടറി: പി. സതീഷ് ദേലമ്പാടി
  • വൈസ് പ്രസിഡന്റുമാർ: എം. വസന്ത, മഹേഷ് ഭട്ട്, പ്രദീപ് കുമാർ, കേശവ കുത്തിമൂല, മുരളീധര കെ.
  • സെക്രട്ടറിമാർ: ഹർഷിത്ത് ബി.എച്ച്., സുരേന്ദ്ര പി., എ. രഞ്ജിനി, കെ. ശീലാവതി, ബി. രവികുമാർ

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഉമേഷ് ബെള്ളിപ്പാടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബിജെപി ജില്ലാ സെക്രട്ടറി മഹേഷ് ഗോപാൽ, മുളിയാർ മണ്ഡലം പ്രഭാരിയും സംസ്ഥാന കൗൺസിൽ അംഗവുമായ ശിവകൃഷ്ണ ഭട്ട്, മുളിയാർ മണ്ഡലം പ്രസിഡൻ്റ് ദിലീപ് പള്ളഞ്ചി, മണ്ഡലം ജനറൽ സെക്രട്ടറി ജയകുമാർ മാനടുക്കം, ജില്ലാ കമ്മിറ്റി അംഗം ചന്ദ്രശേഖര ബെള്ളിപ്പാടി, അടൂർ ഏരിയ പ്രസിഡൻ്റ് രാജേഷ് പാണ്ടി, ബെള്ളിപ്പാടി വാർഡ് ജനപ്രതിനിധി ധനഞ്ജയ ബി, വിക്രാന്ത് ബി.എം, ബ്രീസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *