കാഞ്ഞങ്ങാട്ട് സ്ഥിരം ലഹരിക്കേസ് പ്രതിക്കെതിരെ വീണ്ടും ‘കാപ്പ’

കാഞ്ഞങ്ങാട്: നിരവധി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് കുറുന്തുന്തൂർ സ്വദേശി പി.എം. അബ്ദുൾ സഫ്വാനെയാണ് (31) ഹോസ്‌ദുർഗ് പൊലീസ് പിടികൂടി കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ലഹരി മാഫിയകൾക്കെതിരെ പൊലീസ് നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ തുഫാ’ന്റെ ഭാഗമായാണ് നടപടി.

ഹോസ്‌ദുർഗ്, നീലേശ്വരം സ്റ്റേഷൻ പരിധികളിലായി എട്ടോളം മയക്കുമരുന്ന് കേസുകളിൽ ഇയാൾ പ്രതിയാണ്. ലഹരിക്കടത്ത്, വിൽപന, ഉപയോഗം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ നിരന്തരം ഏർപ്പെട്ടതിനെത്തുടർന്ന് 2024-ൽ ജില്ലാ കളക്ടറുടെ ഉത്തരവുപ്രകാരം ഇയാളെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചിരുന്നു.

എന്നാൽ തടവുശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയ ശേഷവും ഇയാൾ ലഹരി ഇടപാടുകൾ തുടർന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ കാറിൽ കടത്തുകയായിരുന്ന 12.75 ഗ്രാം മയക്കുമരുന്നുമായി കൂട്ടാളിയോടൊപ്പം പടന്നക്കാട് വെച്ച് ഹോസ്‌ദുർഗ് പൊലീസ് ഇയാളെ വീണ്ടും കൈയോടെ പിടികൂടുകയായിരുന്നു. തുടർന്നാണ് പ്രതിക്കെതിരെ വീണ്ടും കാപ്പ ചുമത്താൻ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്.

ജില്ലാ പൊലീസ് മേധാവി പി. നിധിൻരാജിന്റെ നിർദ്ദേശപ്രകാരം കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. എം.വി. അനിൽകുമാറിന്റെ മേൽനോട്ടത്തിലായിരുന്നു അറസ്റ്റ്. ഹോസ്‌ദുർഗ് ഇൻസ്‌പെക്ടർ കെ.പി. ഷൈൻ, സബ് ഇൻസ്പെക്ടർ സി.വി. പ്രേമൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വി. ശ്രീജേഷ്, വി.ആർ. സനോജ്, സിവിൽ പൊലീസ് ഓഫീസർ പി. രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *