കാസർകോട്: ഏറെ ശ്രദ്ധനേടിയ തളങ്കര നുസ്രത്ത് നഗർ സ്വദേശി സൈനുൽ ആബിദീൻ (24) വധക്കേസിലെ മുഴുവൻ പ്രതികളെയും കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) വെറുതെവിട്ടു. ജഡ്ജി അജിന്ത്യാ രാജ് ഉണ്ണിയാണ് വിധി പ്രസ്താവിച്ചത്.
2014 ഡിസംബർ 22-ന് രാത്രി കാസർകോട് എം.ജി റോഡിൽ പഴയ ബസ് സ്റ്റാൻഡിന് സമീപമുള്ള കടയിൽ വെച്ചാണ് സൈനുൽ ആബിദീൻ കൊല്ലപ്പെട്ടത്. പിതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.
കേസിൽ ആകെ 21 പേരാണ് പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ എട്ടാം പ്രതിയായിരുന്ന ജ്യോതിഷ് വിചാരണ കാലയളവിനിടെ മരണപ്പെട്ടിരുന്നു. മറ്റൊരു പ്രതിയായ മഹേഷ് കാപ്പ ചുമത്തപ്പെട്ട് നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. വ്യക്തിവൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നത്.
കാസർകോട് അന്നത്തെ എസ്.പി. തോംസൺ ജോസിന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി. ടി.പി. രഞ്ജിത്ത്, സി.ഐ. പി.കെ. സുധാകരൻ, എസ്.ഐ. എം. രാജേഷ് എന്നിവരുൾപ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചത്. തുടർന്ന് സി.ഐ. പി.കെ. സുധാകരൻ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. വിചാരണ പൂർത്തിയാക്കിയ കോടതി, മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കുകയായിരുന്നു.













Leave a Reply