വാഹനം വിട്ടുകിട്ടാൻ എത്തിയത് പൊലീസ് ആസ്ഥാനത്ത്; കാറിൽ എം.ഡി.എം.എയുമായി വന്ന രണ്ടംഗ സംഘം അറസ്റ്റിൽ

കാസർകോട്: മുൻപ് രജിസ്റ്റർ ചെയ്ത ലഹരിക്കേസിൽ പൊലീസ് പിടിച്ചെടുത്ത വാഹനം തിരികെ കിട്ടാൻ ജില്ലാ പൊലീസ് ആസ്ഥാനത്തെത്തിയ പ്രതികൾ കാറിൽ കൊണ്ടുവന്ന എം.ഡി.എം.എയുമായി പിടിയിലായി. കണ്ണൂർ കാപ്പാട് കടക്കര ടെമ്പിൾ റോഡ് സ്വദേശി കെ.പി. ഷാനിസ് (35), കർണാടക പനാജെ അർളപദവ് സ്വദേശി അർഷാദ് (34) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് (DANSAF) സംഘവും കാസർകോട് പൊലീസും ചേർന്ന് പിടികൂടിയത്.

നേരത്തെ നീലേശ്വരം പൊലീസ് രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിലെടുത്ത വാഹനം റിലീസ് ചെയ്യുന്നതിനുള്ള നടപടികൾക്കായി എത്തിയതായിരുന്നു ഇരുവരും. ജില്ലാ പൊലീസ് ആസ്ഥാനത്തിന് സമീപം കാറിലെത്തിയ സംഘത്തിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് നിരീക്ഷണം ശക്തമാക്കുകയായിരുന്നു.

പൊലീസിനെ കണ്ടതോടെ പ്രതികളിലൊരാളായ അർഷാദ് കൈവശമുണ്ടായിരുന്ന ബാഗ് കാറിനുള്ളിലേക്ക് വലിച്ചെറിഞ്ഞു. തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് ബാഗിൽ നിന്ന് 0.240 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തത്. ഇതോടെ അർഷാദിനെ ഉടൻ കസ്റ്റഡിയിലെടുത്തു.

തുടർന്ന്, വാഹനം വിട്ടുകിട്ടുന്നതിനായി നാർക്കോട്ടിക് സെൽ ഓഫീസിലുണ്ടായിരുന്ന ഷാനിസിനെയും പൊലീസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചതായി കാസർകോട് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *