എൻമകജെയിലെ വീടുകളിൽ കവർച്ച നടത്തിയ സംഭവം; രണ്ടുപേരെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു

കാസർകോട്: വീടിൻ്റെ കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറും സമീപത്തെ വീട്ടിൽ നിന്ന് പണവും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ അന്തർജില്ലാ മോഷ്ടാക്കളെ ബദിയടുക്ക പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ചിറ്റൂർ ആയിരൂർ കുളക്കൽ പറമ്പ് സ്വദേശി ആയിരൂർ ജലീൽ എന്ന ‘ഷട്ടർ ജലീൽ’ (39), പാലക്കാട് ആലത്തൂർ താലൂക്ക് വണ്ടാഴി സ്വദേശി വിശ്വനാഥൻ (55) എന്നിവരാണ് പിടിയിലായത്. കണ്ണൂരിൽ വെച്ചാണ് പൊലീസ് സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്.

സെപ്റ്റംബർ 3-ന് രാത്രി 10 മണിക്കും സെപ്റ്റംബർ 4-ന് പുലർച്ചെ 4 മണിക്കും ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബദിയടുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ എൻമകജെ വില്ലേജിൽ ഓണിബാഗിലിൽ താമസിക്കുന്ന പരാതിക്കാരൻ്റെ വീട്ടുപോർച്ചിൽ വെച്ചിരുന്ന സ്കൂട്ടറാണ് പ്രതികൾ ആദ്യം മോഷ്ടിച്ചത്. തുടർന്ന് സമീപത്തെ മറ്റൊരു വീട്ടിൽ നിന്ന് പണവും സ്വർണ്ണാഭരണങ്ങളും ഉൾപ്പെടെയുള്ള വസ്തുക്കളും കവർന്നു.

സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ടവർ ലൊക്കേഷനുകൾ എന്നിവ കേന്ദ്രീകരിച്ചും മുൻകാല മോഷണക്കേസുകളിൽ ഉൾപ്പെട്ടവരെ കേന്ദ്രീകരിച്ചും നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ച് പൊലീസിന് നിർണായക വിവരം ലഭിച്ചത്. പ്രതികൾ കണ്ണൂർ ജില്ലയിലുണ്ടെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ബദിയടുക്ക എസ്.ഐ സുനിൽ കുമാർ ടി-യുടെ നിർദ്ദേശപ്രകാരം പൊലീസ് സംഘം കണ്ണൂരിലെത്തി.

എസ്.ഐ വിനോദ് കുമാർ പി.ബി, എ.എസ്.ഐ സിനീഷ് സിറിയക്, എസ്.സി.പി.ഒ ഗോകുൽ എന്നിവരടങ്ങിയ സംഘമാണ് ഒക്ടോബർ 12-ന് വൈകുന്നേരത്തോടെ പ്രതികളെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർക്ക് മറ്റ് ജില്ലകളിലെ സമാന മോഷണക്കേസുകളിൽ പങ്കുണ്ടോയെന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *