കാസർകോട്: സംസ്ഥാന കായിക ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ‘ഗോൾ’ പദ്ധതി വഴി ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിലെ സ്കൂളുകൾക്കായി അനുവദിച്ച കായിക ഉപകരണ കിറ്റുകൾ വിതരണം ചെയ്തു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പ്രൊഫ. രഘുനാഥ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
രാജ്യത്തെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര തലങ്ങളിൽ മത്സരിച്ച കാസർകോടിന്റെ അഭിമാന കായികതാരങ്ങളെ ചടങ്ങിൽ ജില്ലാ കളക്ടർ പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന് വിവിധ നിയോജകമണ്ഡലങ്ങളിലെ സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ കായിക ഉപകരണ കിറ്റുകൾ ഏറ്റുവാങ്ങി.
ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.വി. അശോകൻ, അഷ്റഫ് എന്നിവർ സംസാരിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി കെ.എം. സതീഷ് കുമാർ സ്വാഗതവും ജില്ലാ സ്പോർട്സ് ഓഫീസർ എം.എസ്. സുദീപ് ബോസ് നന്ദിയും രേഖപ്പെടുത്തി.
വിവിധ കായിക മത്സരങ്ങൾ സംഘടിപ്പിച്ചു
കായിക ദിനാചരണത്തിന്റെ ഭാഗമായി കാസർകോട് നഗരത്തിലും പരിസരങ്ങളിലും വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്:
- ഫൺ റൺ: കാസർകോട് പുതിയ ബസ് സ്റ്റാൻഡ് മുതൽ സിവിൽ സ്റ്റേഷൻ വരെ സംഘടിപ്പിച്ച ഫൺ റൺ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എ. അബ്ദുള്ളക്കുഞ്ഞി ചെർക്കള ഉദ്ഘാടനം ചെയ്തു. സ്പോർട്സ് അക്കാദമി വിദ്യാർഥികൾ, ഫുട്ബോൾ-ഫെൻസിങ് താരങ്ങൾ, കായിക പ്രേമികൾ എന്നിവർ റണ്ണിൽ പങ്കെടുത്തു.
- സൗഹൃദ ഫുട്ബോൾ മത്സരം: എ.ആർ. ക്യാമ്പ് ടർഫിൽ നടന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ കേരള പോലീസ് ടീമും സ്പോർട്ടിങ് ആരോ കേരള ടീമും തമ്മിൽ ഏറ്റുമുട്ടി. മത്സരം ജില്ലാ പോലീസ് മേധാവി പി. നിധിൻരാജ് ഉദ്ഘാടനം ചെയ്തു.
- സൗഹൃദ കബഡി മത്സരം: ഉദുമ എയോൽ പാലസിൽ വെച്ച് സംഘടിപ്പിച്ച കബഡി മത്സരത്തിൽ ഉദുമ കബഡി അക്കാദമിയും സ്പോർട്സ് അക്കാദമി കബഡി ടീമും മാറ്റുരച്ചു. മത്സരം ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രൻ നാലാംവാതുക്കൽ ഉദ്ഘാടനം ചെയ്തു.














Leave a Reply