സെൻസസ് 2027: ജില്ലാതല ഓഫീസർമാർക്കുള്ള പരിശീലനം സമാപിച്ചു

കാസർകോട്: 2027-ലെ ജനസംഖ്യാ സെൻസസ് പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാതല ഓഫീസർമാർക്കായി സംഘടിപ്പിച്ച രണ്ടാംഘട്ട പരിശീലന പരിപാടി സമാപിച്ചു. കാസർകോട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ രണ്ട് ദിവസങ്ങളിലായി നടന്ന പരിശീലന പരിപാടിക്ക് ഒക്ടോബർ 13-നാണ് സമാപനമായത്. സെൻസസ് പ്രവർത്തനങ്ങളിൽ കാസർകോട് ജില്ലയെ ഒന്നാമതെത്തിക്കാൻ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്ന് പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് ആഹ്വാനം ചെയ്തു. കളക്ടർ ചടങ്ങിൽ ആമുഖ പ്രഭാഷണം നടത്തി.

ഡിപിസി ഹാളിൽ നടന്ന സമാപന ചടങ്ങിൽ ജില്ലാ സെൻസസ് ഓഫീസറും എഡിഎമ്മുമായ പി. ഉദയകുമാർ സംസാരിച്ചു. സെൻസസ് ഡയറക്ടറേറ്റിലെ മാസ്റ്റർ ട്രെയിനറും കാസർകോട് ജില്ലാ കോർഡിനേറ്ററുമായ രാജ്കുമാർ, ഡാറ്റാ പ്രോസസിംഗ് അസിസ്റ്റന്റ് അജിത്കുമാർ എന്നിവരാണ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകിയത്.

അഡീഷണൽ ജില്ലാ സെൻസസ് ഓഫീസർമാർ, സബ് ഡിവിഷണൽ സെൻസസ് ഓഫീസർമാർ, ചാർജ് ഓഫീസർമാർ, അഡീഷണൽ ചാർജ് ഓഫീസർമാർ, സെൻസസ് ക്ലർക്കുമാർ, ടെക്നിക്കൽ അസിസ്റ്റന്റുമാർ എന്നിവർ രണ്ട് ദിവസത്തെ ശിൽപ്പശാലയിൽ പങ്കെടുത്തു.

സെൻസസ് നടപടികൾ കുറ്റമറ്റ രീതിയിൽ ഏകോപിപ്പിക്കുന്നതിനും വിവരശേഖരണം പൂർണ്ണ കൃത്യതയോടെ പൂർത്തിയാക്കുന്നതിനുമായാണ് പരിശീലനം സംഘടിപ്പിച്ചത്. സെൻസസ് പോർട്ടൽ പ്രവർത്തനം, സെൽഫ് എന്യുമറേഷൻ രീതികൾ, പ്രിൻസിപ്പൽ സെൻസസ് ഓഫീസർ മുതൽ എന്യൂമറേറ്റർ വരെയുള്ള വിവിധ തലങ്ങളിലെ ജീവനക്കാരുടെ ചുമതലകൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ, പരിശീലന രീതികൾ എന്നിവ വിശദമായി ചർച്ച ചെയ്തു.

അടുത്ത ഘട്ട പരിശീലനം നവംബറിൽ

മാസ്റ്റർ ട്രെയിനർമാർക്കുള്ള അടുത്ത ഘട്ട പരിശീലനം നവംബറിൽ തിരുവനന്തപുരത്ത് നടക്കും. ഫീൽഡ് ലെവൽ ട്രെയിനർമാർക്കുള്ള പരിശീലനം കാസർകോട് കളക്ടറേറ്റിൽ വെച്ച് സംഘടിപ്പിക്കും. തുടർന്ന് ഫീൽഡ് തലത്തിൽ പ്രവർത്തിക്കുന്ന എന്യൂമറേറ്റർമാർക്കും സൂപ്പർവൈസർമാർക്കുമായി ഡിസംബർ 21 മുതൽ 2027 ജനുവരി 10 വരെയുള്ള തീയതികളിൽ വിവിധ ചാർജ് ഓഫീസർമാരുടെ നേതൃത്വത്തിൽ വിപുലമായ പരിശീലനം നൽകും.

Leave a Reply

Your email address will not be published. Required fields are marked *