ദസറ അവധിക്കിടെ പരീക്ഷ: മംഗളൂരു സെന്റ് ആഗ്നസ് കോളേജിന് മുന്നിൽ വിദ്യാർത്ഥി പ്രതിഷേധം

മംഗളൂരു: ദസറ ഉത്സവകാലത്ത് ബിരുദ സെമസ്റ്റർ പരീക്ഷകൾ നടത്തുന്ന മാനേജ്‌മെന്റിന്റെ തീരുമാനത്തിനെതിരെ മംഗളൂരു ബെന്ദൂർവെല്ലിലെ സെന്റ് ആഗ്നസ് കോളേജിന് മുന്നിൽ വിദ്യാർത്ഥികളുടെ വൻ പ്രതിഷേധം. പരീക്ഷകൾ ബഹിഷ്കരിച്ച നൂറുകണക്കിന് വിദ്യാർത്ഥികൾ കോളേജ് കവാടത്തിന് മുന്നിൽ തടിച്ചുകൂടി പ്രതിഷേധിച്ചു.

ഒക്ടോബർ 12 മുതൽ 28 വരെയാണ് കോളേജിൽ പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്. പരീക്ഷാ ഷെഡ്യൂൾ പ്രശസ്തമായ മംഗളൂരു ദസറ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് തങ്ങളെ തടയുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാർത്ഥികൾ രംഗത്തെത്തിയത്. ദസറ അവധി നൽകാതെ പരീക്ഷയുമായി മുന്നോട്ട് പോകുന്നതിനെ വിദ്യാർത്ഥി സംഘടനകൾ രൂക്ഷമായി വിമർശിച്ചു. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പരീക്ഷ മാറ്റിവെക്കാൻ മാനേജ്‌മെന്റ് തയ്യാറായില്ലെന്നും, വിഷയത്തിൽ ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ടെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.

അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് (എ.ബി.വി.പി) സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ, സമരം ചെയ്ത എ.ബി.വി.പി നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ കോളേജ് പരിസരത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ പോലീസ് ജീപ്പ് തടഞ്ഞു. ചിലർ പോലീസ് വാഹനത്തിന് മുന്നിൽ റോഡിൽ കിടന്ന് പ്രതിഷേധിച്ചപ്പോൾ, മറ്റ് വിദ്യാർത്ഥികൾ റോഡ് ഉപരോധിച്ച് പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചു.

സംഭവസ്ഥലത്ത് സംഘർഷാവസ്ഥ രൂക്ഷമായതോടെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കസ്റ്റഡിയിലെടുത്തവരെ വിട്ടയക്കാതെ പിരിഞ്ഞുപോകില്ലെന്ന ഉറച്ച നിലപാടിലാണ് പ്രതിഷേധക്കാർ. എന്നാൽ, പ്രതിഷേധം ശക്തമായിട്ടും പരീക്ഷ മാറ്റിവെക്കില്ലെന്ന നിലപാടിൽ തന്നെയാണ് കോളേജ് മാനേജ്‌മെന്റ്. പരീക്ഷ മാറ്റിവെക്കുന്നത് വരെ സമരം തുടരുമെന്ന് വിദ്യാർത്ഥികളും വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *