കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. വാഹനം ഓടിച്ച പ്രതി സുഹൈൽ സജീവ് മദ്യപിച്ച മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് കേസെടുത്തു. പ്രായപൂർത്തിയാകാത്തവർക്ക് (19 വയസ്സുള്ളവർക്ക്) മദ്യം വിളമ്പി എന്നതാണ് ബാറുകൾക്കെതിരെയുള്ള കുറ്റം. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. ചട്ടലംഘനം തെളിഞ്ഞ ബാറുകളുടെ ലൈസൻസ് റദ്ദാക്കുകയോ കനത്ത പിഴ ചുമത്തുകയോ ചെയ്യും.
അപകടത്തിന്റെ യഥാർത്ഥ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ മിനികൂപ്പറിന്റെ ഇവന്റ് ഡാറ്റാ റെക്കോർഡർ (EDR) പൊലീസ് പരിശോധിക്കും. ബി.എം.ഡബ്ല്യുവിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരെ എത്തിച്ചാണ് ഇഡിആർ വിവരങ്ങൾ ശേഖരിക്കുക. ഇതിലൂടെ അപകടസമയത്തെ വാഹനത്തിന്റെ കൃത്യമായ വേഗത, ബ്രേക്ക് ഉപയോഗിച്ചിരുന്നോ, ആക്സിലേറ്റർ എത്രത്തോളം പ്രസ് ചെയ്തിരുന്നു തുടങ്ങിയ നിർണായക സാങ്കേതിക വിവരങ്ങൾ ലഭ്യമാകും.
നിലവിൽ റിമാൻഡിലുള്ള പ്രതി സുഹൈലിന്റെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. അപകടസമയത്ത് കാറിലുണ്ടായിരുന്ന മറ്റ് മൂന്നുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ പ്രേരണാക്കുറ്റം ചുമത്താനാണ് തീരുമാനം.
അപകടത്തിന് തൊട്ടുമുമ്പുള്ള അമിതവേഗത വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. തെളിവെടുപ്പിനിടെ, താൻ അമിതവേഗതയിലാണ് കാറോടിച്ചതെന്ന് സുഹൈൽ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
















Leave a Reply