നാഗർകോവിൽ: സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ പണവും ആഡംബര സ്വർണ്ണാഭരണങ്ങളും നിരന്തരം പ്രദർശിപ്പിച്ചിരുന്ന പ്രമുഖ വനിതാ യൂട്യൂബറുടെ വീട്ടിൽ വൻ കവർച്ച. നാഗർകോവിലിന് സമീപം തമ്പത്തുക്കോണം വി.ഐ.പി ഗാർഡനിൽ താമസിക്കുന്ന വ്യവസായി വിനോദ്കുമാറിന്റെ ഭാര്യയും പ്രമുഖ യൂട്യൂബറുമായ മധുമിതയുടെ വീട്ടിലാണ് കോടികളുടെ മോഷണം നടന്നത്. 120 പവൻ സ്വർണ്ണാഭരണങ്ങൾ, വജ്രാഭരണങ്ങൾ, 50,000 രൂപ എന്നിവയാണ് കവർച്ചക്കാർ കവർന്നത്. ഇതിന് വിപണിയിൽ ഏകദേശം ഒരു കോടിയിലധികം രൂപ വിലമതിക്കും.
വീട് പൂട്ടി കുടുംബം പുറത്തുപോയ തക്കം നോക്കി മോഷണം
കഴിഞ്ഞ ദിവസം വിനോദ്കുമാറും കുടുംബവും വീട് പൂട്ടി പുറത്തുപോയി രാത്രിയോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുൻവാതിൽ തുറന്ന് അകത്തുകയറിയ വീട്ടുകാർ സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ് കണ്ടത്. പരിശോധനയിൽ വീടിന്റെ പിൻവാതിൽ തകർത്ത നിലയിലാണെന്ന് വ്യക്തമായി. കിടപ്പുമുറിയിലെ അലമാര കുത്തിത്തുറന്നാണ് അകത്തുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങളും പണവും കവർന്നത്.
റീൽസുകൾ കേന്ദ്രീകരിച്ച് പ്ലാൻ ചെയ്ത കവർച്ച?
സോഷ്യൽ മീഡിയയിൽ സജീവമായ മധുമിത തന്റെ ജീവിതരീതികളും വലിയ തോതിലുള്ള സ്വർണ്ണാഭരണ ശേഖരങ്ങളും പണവും കാണിച്ചുകൊണ്ടുള്ള വീഡിയോകളും റീൽസുകളും നിരന്തരം പങ്കുവെച്ചിരുന്നു. കുടുംബത്തിന്റെ യാത്രകളും നീക്കങ്ങളും കൃത്യമായി മനസ്സിലാക്കിയ മോഷ്ടാക്കൾ വ്യക്തമായ പദ്ധതി തയ്യാറാക്കിയാണ് കവർച്ച നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. സമൂഹമാധ്യമങ്ങളിൽ സ്വകാര്യ വിവരങ്ങളും ആഡംബരങ്ങളും അമിതമായി പങ്കുവെക്കുന്നത് സുരക്ഷാ ഭീഷണിയാകുമെന്ന മുന്നറിയിപ്പ് കൂടിയാണ് ഈ സംഭവം.
പൊലീസ് അന്വേഷണം ഊർജ്ജിതം
സംഭവത്തിൽ വിനോദ്കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാജാക്കമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നാഗർകോവിൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (ഡി.എസ്.പി) ഇളഞ്ചെഴിയന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കുടുംബത്തിന്റെ യാത്രാ വിവരങ്ങൾ മുൻകൂട്ടി അറിയാവുന്ന അടുത്ത ആളുകൾക്ക് സംഭവത്തിൽ പങ്കുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.
















Leave a Reply