കാസർകോട്: ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ 80 വയസുകാരനായ റിട്ട. ഡോക്ടറെ ഭീഷണിപ്പെടുത്തി 1.19 കോടിയിലധികം രൂപ തട്ടിയെടുത്ത കേസിൽ മലപ്പുറം സ്വദേശി അറസ്റ്റിൽ. എടയത്തൂർ സ്വദേശി ഷംസാദ് (34) ആണ് കാസർകോട് സൈബർ പൊലീസിന്റെ പിടിയിലായത്. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന പ്രതി നാട്ടിലേക്ക് മടങ്ങുന്നതിനിടെ ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകയായിരുന്നു.
നീലേശ്വരം സ്വദേശിയായ ഡോക്ടറാണ് കൊടുംതട്ടിപ്പിനിരയായത്. 2025 നവംബർ 24 മുതൽ ഡിസംബർ 17 വരെയുള്ള കാലയളവിലാണ് ഷംസാദും സംഘവും ചേർന്ന് പണം തട്ടിയെടുത്തത്. ഫോണിലും വാട്സ്ആപ്പ് വീഡിയോ കോളിലും ബന്ധപ്പെട്ട തട്ടിപ്പുസംഘം മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്നാണ് ഡോക്ടറെ ധരിപ്പിച്ചത്. മണി ലോണ്ടറിങ് കേസിൽ ഡോക്ടർ പ്രതിയാണെന്നും ‘ഡിജിറ്റൽ അറസ്റ്റ്’ ചെയ്തിരിക്കുകയാണെന്നും ഭീഷണിപ്പെടുത്തി.
അറസ്റ്റ് ഒഴിവാക്കാനും ആർബിഐ പരിശോധനയ്ക്കെന്ന പേരിലും വിവിധ ഘട്ടങ്ങളിലായി പണം ട്രാൻസ്ഫർ ചെയ്യാൻ സംഘം ആവശ്യപ്പെട്ടു. ഭയന്നുപോയ ഡോക്ടർ വിവിധ അക്കൗണ്ടുകളിൽ നിന്നായി ആകെ 1,19,35,000 രൂപ തട്ടിപ്പുകാർ നൽകിയ അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുത്തു. പണം നൽകിയ ശേഷവും കൂടുതൽ തുക ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെയാണ് തട്ടിപ്പ് മനസ്സിലാക്കി ഡോക്ടർ കാസർകോട് സൈബർ പൊലീസിൽ പരാതി നൽകിയത്.
പണം ഒഴുകിയത് നാഗാലാൻഡ് വഴി; മഞ്ചേരിയിൽ ചെക്ക് വഴി പിൻവലിച്ചു
സൈബർ പൊലീസിന്റെ വിശദമായ അന്വേഷണത്തിലാണ് പണമിടപാടുകളുടെ ചുരുളഴിഞ്ഞത്:
- പരാതിക്കാരന്റെ നീലേശ്വരത്തെ കനറാ ബാങ്ക് അക്കൗണ്ടിൽനിന്ന് 2025 ഡിസംബർ 17-ന് തട്ടിയെടുത്ത 46.25 ലക്ഷം രൂപ നാഗാലാൻഡിലെ പുരാന ബസാർ ശാഖയിലുള്ള ആക്സിസ് ബാങ്കിന്റെ ലെയർ-1 അക്കൗണ്ടിലേക്കാണ് ആദ്യം എത്തിയത്.
- അന്നേ ദിവസം തന്നെ ഇതിൽനിന്ന് 9.60 ലക്ഷം രൂപ രണ്ട് ഇടപാടുകളിലായി പ്രതി ഷംസാദിന്റെ പേരിലുള്ള സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ മഞ്ചേരി ശാഖയിലെ അക്കൗണ്ടിലേക്ക് മാറ്റി.
- ഇതിൽ 9 ലക്ഷം രൂപ പ്രതി ചെക്ക് മുഖേന പിൻവലിച്ച് ചെലവഴിച്ചതായും പൊലീസ് കണ്ടെത്തി.
ലുക്ക്ഔട്ട് നോട്ടീസും നാടകീയ അറസ്റ്റും
പ്രതി വിദേശത്താണെന്ന് വ്യക്തമായതോടെ പൊലീസ് പാസ്പോർട്ട് വിവരങ്ങൾ ശേഖരിച്ച് ലുക്ക്ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ 17-ന് ഹൈദരാബാദ് വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതിയെ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവെച്ച് കാസർകോട് സൈബർ പൊലീസിന് വിവരം കൈമാറി.
ജില്ലാ പൊലീസ് മേധാവി നിധിൻരാജ്, സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കെ. രാജീവൻ എന്നിവരുടെ നിർദ്ദേശപ്രകാരം എസ്.ഐ നൗഷാദ്, എ.എസ്.ഐമാരായ രഞ്ജിത്ത് കുമാർ, ദിലീഷ്, സി.പി.ഒ വിപിൻ എന്നിവരടങ്ങുന്ന പൊലീസ് സംഘം ഹൈദരാബാദിലെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് കാസർകോട്ടെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.















Leave a Reply