പള്ളിക്കര മേൽപ്പാലം 40 ദിവസം അടച്ചിടാനുള്ള തീരുമാനം പുനഃപരിശോധിക്കണം: കേരള കോൺഗ്രസ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്–ചന്ദ്രഗിരി–കാസർകോട് തീരദേശ റൂട്ടിൽ ഒരേസമയം വിവിധയിടങ്ങളിൽ റോഡ് പ്രവൃത്തികൾക്കായി ഗതാഗതം തടസ്സപ്പെടുത്തുകയും വഴിതിരിച്ചുവിടുകയും ചെയ്യുന്ന നടപടി യാത്രക്കാരെ കൊടിയ ദുരിതത്തിലാക്കുകയാണെന്ന് കേരള കോൺഗ്രസ്. പള്ളിക്കര റെയിൽവേ മേൽപ്പാലം അറ്റകുറ്റപ്പണികൾക്കായി 40 ദിവസത്തോളം പൂർണ്ണമായി അടച്ചിടാനുള്ള തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് കേരള കോൺഗ്രസ് കാസർകോട് ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ്, ജനറൽ സെക്രട്ടറി ജെയിംസ് കണിപള്ളി എന്നിവർ ആവശ്യപ്പെട്ടു.

പ്രധാന പാത ഇത്രയും നീണ്ട കാലയളവ് കൊട്ടിയടയ്ക്കുന്നത് വിദ്യാർത്ഥികൾ, ഉദ്യോഗസ്ഥർ, രോഗികൾ അടക്കമുള്ള ആയിരക്കണക്കിന് നിത്യയാത്രക്കാരോടുള്ള വെല്ലുവിളിയാണ്. മേൽപ്പാലം അടച്ചതോടെ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകളും മറ്റ് സ്വകാര്യ വാഹനങ്ങളും കിലോമീറ്ററുകൾ ചുറ്റിക്കറങ്ങി സർവീസ് നടത്തേണ്ട ഗതികേടിലാണ്.

ഇതിനു പുറമെ ബേക്കൽ ജംഗ്ഷനിലെ പാലത്തിന്റെ അറ്റകുറ്റപ്പണികളും കാസർകോട് പ്രസ് ക്ലബ് ജംഗ്ഷനിലെ റോഡ് കോൺക്രീറ്റിംഗ് ജോലികളും ഒരേ റൂട്ടിൽ ഒരേസമയം നടക്കുന്നതിനാൽ തീരദേശ മേഖലയിലെ ഗതാഗതം പൂർണ്ണമായും താറുമാറായിരിക്കുകയാണ്. മതിയായ മുന്നൊരുക്കങ്ങളോ ശാസ്ത്രീയമായ ട്രാഫിക് ക്രമീകരണങ്ങളോ ഏർപ്പെടുത്താതെയാണ് പൊതുമരാമത്ത് വകുപ്പ് പ്രവർത്തികൾ നടത്തുന്നതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

ആധുനിക സാങ്കേതിക സംവിധാനങ്ങൾ ലഭ്യമായ ഇക്കാലത്ത് ഒരു പാലത്തിന്റെ പ്രവൃത്തികൾക്കായി 40 ദിവസം വേണമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും യുദ്ധകാലാടിസ്ഥാനത്തിൽ പണി പൂർത്തിയാക്കി പാലം എത്രയും വേഗം ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *