കാസർകോട്: നെല്ലിക്കട്ട അതൃകുഴിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു. വിനോദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള KL 13 Q 6777 നമ്പറിലുള്ള മാരുതി 800 കാറാണ് അഗ്നിക്കിരയായത്. വാഹനമോടിച്ചിരുന്ന അഷറഫ് അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അതൃകുഴി കയറ്റം കയറുന്നതിനിടെ എൻജിൻ ഭാഗത്തുനിന്നും പെട്ടെന്ന് പുക ഉയരുകയായിരുന്നു. പുക കണ്ടയുടൻ ഡ്രൈവർ ബ്രേക്ക് ചവിട്ടി വാഹനം നിർത്താൻ ശ്രമിച്ചെങ്കിലും ബ്രേക്ക് നഷ്ടപ്പെട്ട് കാർ പുറകിലേക്ക് ഉരുണ്ട് സമീപത്തെ കോൺക്രീറ്റ് തൂണിലിടിച്ച് നിന്നു. തുടർന്ന് വാഹനത്തിന് തീപിടിച്ചു. ഉടൻതന്നെ സീറ്റ് ബെൽറ്റ് അഴിച്ച് അഷറഫ് പുറത്തേക്ക് ചാടിയതിനാൽ വൻ ദുരന്തം ഒഴിവായി.
വിവരമറിഞ്ഞ് കാസർകോട് അഗ്നിരക്ഷാ നിലയത്തിൽ നിന്ന് സേനാംഗങ്ങൾ സ്ഥലത്തെത്തിയാണ് തീ പൂർണമായും അണച്ചത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുകു വർഗീസിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അമൽ, സിറാജുദ്ദീൻ, വൈശാഖ് എം.എ, ഡ്രൈവർ പ്രസീത് ഇ, ഹോം ഗാർഡുമാരായ രാജേന്ദ്രൻ എ, ശ്രീജിത്ത് പി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. എൻജിനിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.















Leave a Reply