കിനാനൂർ-കരിന്തളത്ത് കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; വനംവകുപ്പിനെതിരെ നാട്ടുകാരുടെ പ്രതിഷേധം

കരിന്തളം: കിനാനൂർ-കരിന്തളം ഗ്രാമപ്പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നികളെ വ്യാപകമായി ചത്ത നിലയിൽ കണ്ടെത്തി. പഞ്ചായത്തിലെ പരപ്പച്ചാൽ, ചേനറ്റാടി ഭാഗങ്ങളിൽ നാലോളം കാട്ടുപന്നികളുടെ ജഡങ്ങളാണ് ഒടുവിലായി കണ്ടെത്തിയത്. സമീപത്തെ കാട്ടുപ്രദേശങ്ങളിലും കൂടുതൽ പന്നികൾ ചത്തുകിടക്കാൻ സാധ്യതയുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു.

തുടർച്ചയായി കാട്ടുപന്നികൾ ചത്തൊടുങ്ങുന്നത് പ്രദേശത്ത് വലിയ ആശങ്കയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ഏതെങ്കിലും തരത്തിലുള്ള മാരക പകർച്ചവ്യാധിയാണോ അതോ ആരെങ്കിലും വിഷം നൽകിയതാണോ മരണകാരണമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

വനംവകുപ്പിന്റെ അനാസ്ഥയിൽ പ്രതിഷേധം

സംഭവമറിഞ്ഞ് വിവരമറിയിച്ചിട്ടും വനംവകുപ്പ് അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. സ്ഥലത്തെത്തി പരിശോധന നടത്താനോ സാമ്പിളുകൾ ശേഖരിക്കാനോ ഉദ്യോഗസ്ഥർ തയ്യാറായില്ലെന്ന് മാത്രമല്ല, ജഡം എവിടെയെങ്കിലും മറവു ചെയ്യാൻ നാട്ടുകാരോട് നിർദേശിക്കുകയാണുണ്ടായത്.

മരണകാരണം വ്യക്തമല്ലാത്തതിനാൽ നാട്ടുകാരും ജഡങ്ങൾ സംസ്കരിക്കാൻ മുന്നോട്ടുവന്നിട്ടില്ല. ഇതോടെ ജഡങ്ങൾ അഴുകി പ്രദേശത്താകെ രൂക്ഷമായ ദുർഗന്ധം പരക്കുകയാണ്. ഇത് സമീപവാസികളിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ഭീതിയുണ്ട്.

അടിയന്തരമായി വനംവകുപ്പും മൃഗസംരക്ഷണ വകുപ്പും ഇടപെട്ട് കാട്ടുപന്നികളുടെ മരണകാരണം ശാസ്ത്രീയമായി കണ്ടെത്തണമെന്നും, ജഡങ്ങൾ മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *