മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; രക്ഷകരായി തെരുവുനായ്ക്കൾ; 17-കാരൻ കോയമ്പത്തൂരിൽ പിടിയിൽ

കോയമ്പത്തൂർ: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച പതിനേഴുകാരനെ തുരത്തിയോടിച്ച് തെരുവുനായ്ക്കൾ. കോയമ്പത്തൂർ നഗരപ്രാന്തത്തിലുള്ള തുടിയല്ലൂർ എൻ.ജി.ജി.ഒ കോളനിക്ക് സമീപം വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. അക്രമിയെ ഓടിച്ചതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പതിനേഴുകാരനെ തുടിയല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.

റെയിൽവേ ഓവർബ്രിഡ്ജിന് സമീപമുള്ള ബന്ധുവീടിന് മുന്നിൽ ഇരിക്കുകയായിരുന്ന യുവതിയെ മദ്യലഹരിയിലെത്തിയ കൗമാരക്കാരൻ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഈ സമയം പ്രദേശത്തുണ്ടായിരുന്ന രണ്ട് തെരുവുനായ്ക്കൾ ഇയാൾക്ക് നേരെ നിർത്താതെ കുരച്ചു. യുവാവ് യുവതിയെ കടന്നുപിടിക്കാൻ ശ്രമിച്ചതോടെ യുവതി ഉറക്കെ നിലവിളിച്ചു.

തുടർന്ന് അക്രമിയുടെ അടുത്തേക്ക് പാഞ്ഞെത്തിയ തെരുവ് നായ്ക്കളിലൊന്ന് ഇയാളുടെ കാലിൽ പലതവണ കടിക്കുകയായിരുന്നു. നായയുടെ ശക്തമായ ആക്രമണത്തിൽ ഭയന്ന കൗമാരക്കാരൻ ഓടി രക്ഷപ്പെട്ടു. നായ ഇയാളെ കുറച്ചുദൂരം ഓടിക്കുകയും ചെയ്തു.

പ്രദേശത്തെ ഒരു പെട്ടിക്കട കത്തിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനിടെയാണ് ഞെട്ടിക്കുന്ന ഈ പീഡനശ്രമം ശ്രദ്ധയിൽപ്പെട്ടത്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഗണേഷ് നഗർ സ്വദേശിയായ പതിനേഴുകാരനെ വെള്ളിയാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തു.

മദ്യത്തിന് അടിമയായ പ്രതി ലഹരിയുടെ സ്വാധീനത്തിൽ പ്രദേശത്ത് നിരന്തരം അക്രമങ്ങൾ സൃഷ്ടിക്കാറുണ്ടെന്ന് പോലീസ് അറിയിച്ചു. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയ പ്രതിയെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *