മെഡിക്കൽ ഉപകരണ തട്ടിപ്പ് കേസ്: കാസർകോട് സ്വദേശിക്കെതിരെ ആഗസ്റ്റ് 31 വരെ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: ആശുപത്രി ഉപകരണങ്ങൾ വാങ്ങി 56 ലക്ഷം രൂപ നൽകാതെ വഞ്ചിച്ചെന്ന കേസിൽ കാസർകോട് സ്വദേശിക്കെതിരെ ആഗസ്റ്റ് 31 വരെ അറസ്റ്റ് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പെരിന്തൽമണ്ണ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയായ കാസർഗോഡ് പുലിക്കുന്ന് സ്വദേശി മുഹമ്മദ് സാഹിർ (43) സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ്റെ ഈ ഇടക്കാല ഉത്തരവ്.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ ആഗസ്റ്റ് 31 വരെ ഹർജിക്കാരനെതിരെ നിർബന്ധിത നടപടികൾ സ്വീകരിക്കരുതെന്ന് കോടതി കർശന നിർദ്ദേശം നൽകി. ഒന്നാം എതിർകക്ഷിയായ സംസ്ഥാന സർക്കാരിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ നോട്ടീസ് സ്വീകരിച്ചിട്ടുണ്ട്. പരാതിക്കാരനായ പെരിന്തൽമണ്ണ ജൂബിലി റോഡ് ‘ഷാൻ മെഡി സിസ്റ്റംസ്’ ഉടമ ഷാനവാസിന് നോട്ടീസ് അയക്കാനും കോടതി നിർദ്ദേശിച്ചു.

2020 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആശുപത്രികൾ സജ്ജീകരിക്കുന്നതിനായി മെഡിക്കൽ ഉപകരണങ്ങൾ വാങ്ങി 56 ലക്ഷം രൂപ നൽകാതെ ഒത്തൊരുമിച്ച് വഞ്ചിച്ചുവെന്ന് കാണിച്ച് ഷാനവാസ് നൽകിയ പരാതിയിലാണ് പെരിന്തൽമണ്ണ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. ഈ എഫ്.ഐ.ആർ റദ്ദാക്കണമെന്നും തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജി കൂടുതൽ വാദത്തിനായി ആഗസ്റ്റ് 31-ലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *