താമരശ്ശേരി ഫ്രഷ്കട്ട് പ്ലാന്റ് അടച്ചുപൂട്ടാൻ കരാറായി; പ്രവർത്തനം 2027 മാർച്ച് 31 വരെ മാത്രം

കോഴിക്കോട്: താമരശ്ശേരിയിലെ അറവുമാലിന്യ സംസ്കരണ കേന്ദ്രമായ ‘ഫ്രഷ്കട്ട്’ അടച്ചുപൂട്ടാൻ ഒടുവിൽ ധാരണയായി. കമ്പനി അധികൃതരും സമരസമിതി നേതാക്കളും തമ്മിൽ ഇതുസംബന്ധിച്ച ഔദ്യോഗിക കരാറിൽ ഒപ്പുവെച്ചു. കൊടുവള്ളി എം.എൽ.എ പി.കെ ഫിറോസിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും ബന്ധപ്പെട്ടവരും നടത്തിയ നിരന്തര ചർച്ചകൾക്കൊടുവിലാണ് വർഷങ്ങളായി പ്രദേശവാസികൾ അനുഭവിച്ചുവന്ന ഗുരുതരമായ പാരിസ്ഥിതിക പ്രശ്നത്തിന് പരിഹാരമാകുന്നത്.

കരാർ പ്രകാരം 2027 മാർച്ച് 31 വരെ മാത്രമേ ഫ്രഷ്കട്ടിന് താമരശ്ശേരിയിൽ പ്രവർത്തിക്കാൻ അനുമതിയുണ്ടാകൂ. അതിനുമുമ്പായി നിലവിലെ പ്ലാന്റിന്റെ പ്രവർത്തനം പൂർണമായി അവസാനിപ്പിച്ച് പ്ലാന്റ് പൊളിച്ചുനീക്കും (Dismantle). തുടർന്ന് മറ്റൊരു അനുയോജ്യമായ സ്ഥലത്തേക്ക് കമ്പനി മാറ്റി സ്ഥാപിക്കും.

കരാറിലെ പ്രധാന നിബന്ധനകൾ:

  • പ്രവർത്തന കാലാവധി: നിലവിലെ പ്ലാന്റ് 2027 മാർച്ച് 31-ഓടെ പൂർണമായും പ്രവർത്തനം അവസാനിപ്പിച്ച് പൊളിച്ചുനീക്കും.
  • താൽക്കാലിക പ്രവർത്തനം: പുതിയ പ്ലാന്റ് കണ്ടെത്തി സ്ഥാപിക്കുന്നത് വരെ, താമരശ്ശേരിയിലെ പ്ലാന്റ് 2026 ആഗസ്റ്റ് 27 മുതൽ താൽക്കാലികമായി വീണ്ടും പ്രവർത്തിക്കും.
  • സംസ്കരണ പരിധി: പ്രതിദിനം പരമാവധി 25 ടൺ മാലിന്യം മാത്രമേ ഇവിടെ സംസ്കരിക്കാൻ പാടുള്ളൂ എന്ന കർശന വ്യവസ്ഥയുണ്ട്.

പരിഹാരമായത് നീണ്ട ചർച്ചകൾക്കൊടുവിൽ

പ്രശ്നപരിഹാരത്തിനായി 2026 ആഗസ്റ്റ് 8-ന് താമരശ്ശേരി പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ എം.എൽ.എമാരായ പി.കെ ഫിറോസ്, സി.കെ കാസിം, എം.എ റസാഖ് മാസ്റ്റർ, മുൻ മന്ത്രി ഡോ. എം.കെ മുനീർ എന്നിവരുടെയും ഫ്രഷ്കട്ട് പ്രതിനിധികളുടെയും സമരസമിതി നേതാക്കളുടെയും സാന്നിധ്യത്തിൽ വിപുലമായ യോഗം ചേർന്നിരുന്നു.

തുടർന്ന് ആഗസ്റ്റ് 19-ന് തിരുവനന്തപുരത്ത് വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയുടെ സാന്നിധ്യത്തിൽ ജനപ്രതിനിധികൾ നടത്തിയ തുടർചർച്ചകളുടെ അടിസ്ഥാനത്തിലാണ് പ്ലാന്റ് മാറ്റുന്നതുമായി ബന്ധപ്പെട്ട അന്തിമ കരാറിലേക്ക് ഇരുവിഭാഗങ്ങളും എത്തിയത്. ഇതോടെ പ്രദേശവാസികൾ ദീർഘനാളായി നടത്തിവന്ന ജനകീയ പ്രക്ഷോഭങ്ങൾക്കാണ് വിജയകരമായ പരിസമാപ്തിയാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *