ജീവൻ രക്ഷിച്ച് ഹീറോയായി; ബസ് ഡ്രൈവർ നിജേഷിനെ ആദരിച്ച് മോട്ടോർ വാഹന വകുപ്പും ഡ്രൈവിങ് സ്കൂൾ കൂട്ടായ്മയും

കാഞ്ഞങ്ങാട്: ബൈക്ക് യാത്രക്കാരായ യുവാവിൻ്റെയും യുവതിയുടെയും ജീവൻ സമയോചിതമായ ഇടപെടലിലൂടെ രക്ഷിച്ച പി.എൽ.ടി ബസ് ഡ്രൈവർ നിജേഷിന് മോട്ടോർ വാഹന വകുപ്പിൻ്റെയും ഡ്രൈവിങ് സ്കൂൾ കൂട്ടായ്മയുടെയും ആദരം. കാഞ്ഞങ്ങാട്ട് നടന്ന ചടങ്ങിൽ സബ് ആർ.ടി.ഒ അധികൃതരും ഡ്രൈവിങ് സ്കൂൾ പ്രതിനിധികളും ചേർന്ന് നിജേഷിനെ അഭിനന്ദിച്ചു.

പോക്കറ്റ് റോഡിൽ നിന്നും പ്രധാന റോഡിലേക്ക് അമിതവേഗതയിൽ ബസിന് മുന്നിലേക്ക് കയറിവന്ന ബൈക്കിൽ ഇടിക്കാതെ, കൃത്യസമയത്ത് ബസ് നിയന്ത്രിച്ച് നിർത്തിയാണ് നിജേഷ് രണ്ട് ജീവനുകൾ രക്ഷിച്ചത്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ വൻ ദുരന്തം ഒഴിവാക്കിയ നിജേഷിൻ്റെ ഡ്രൈവിങ് മികവും ജാഗ്രതയും സമൂഹമാധ്യമങ്ങളിലടക്കം വലിയ പ്രശംസ നേടിയിരുന്നു.

ഉദ്യോഗസ്ഥരും നാട്ടുകാരും ഒത്തുചേർന്നു

കാഞ്ഞങ്ങാട്ട് നടന്ന അനുമോദന ചടങ്ങിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എം.വി.ഐ) രതീഷ്, അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ (എ.എം.വി.ഐ) പ്രദീപ് കുമാർ, പ്രഭാകരൻ, മാത്യൂസ് എന്നിവർ ചേർന്ന് നിജേഷിനെ പൊന്നാടയണിയിച്ച് ആദരിച്ചു.

ആറങ്ങാടി വനിതാ ഹോട്ടൽ ഉടമ ഫൈസൽ ബക്കോട്ട് നിജേഷിന് ക്യാഷ് പ്രൈസ് കൈമാറി. ഡ്രൈവിങ് സ്കൂൾ കൂട്ടായ്മയെ പ്രതിനിധീകരിച്ച് എം.പി. നൗഷാദ്, പ്രസാദ് ജി.എം.ഡി, വിനോദ് ഒമേഗ, ഷാജു സിറ്റി, റമീസ് ആറങ്ങാടി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശത്തെ നാട്ടുകൂട്ടായ്മകളും ബസ് തൊഴിലാളികളും നിജേഷിനെ നേരിട്ടെത്തി അനുമോദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *