ദുബായ്: ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശിയായ ഷിജിൻ പോൾ (27) ആണ് മരണപ്പെട്ടത്. ദുബായ് ശൈഖ് സായിദ് റോഡിലുള്ള ‘ദി കാർ സൂപ്പർ സ്റ്റോർ’ എന്ന കാർ ഷോറൂമിൽ വീഡിയോ ഗ്രാഫറായി ജോലി ചെയ്തു വരികയായിരുന്നു ഷിജിൻ.
ഇന്നലെ വൈകീട്ടോടെ ഷോറൂമിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. വിവരമറിഞ്ഞ് ഉടൻതന്നെ സ്ഥലത്തെത്തിയ ദുബായ് സിവിൽ ഡിഫൻസ് സംഘം രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തു.
സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ ഷിജിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടസ്ഥലത്തുവെച്ചുതന്നെ മറ്റൊരാൾകൂടി മരണപ്പെട്ടിട്ടുണ്ട്. എന്നാൽ ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല.
അപകടത്തിൽപ്പെട്ട മറ്റുള്ളവരുടെ വിവരങ്ങളോ പ്രാദേശികതയോ നിലവിൽ അധികൃതർ പുറത്തുവിട്ടിട്ടില്ല. പ്രാഥമിക അന്വേഷണത്തിന് ശേഷം കൂടുതൽ വിവരങ്ങൾ സിവിൽ ഡിഫൻസ് വെളിപ്പെടുത്തും.
വേനൽച്ചൂട് കടുക്കുന്ന സാഹചര്യത്തിൽ ഗ്യാസ് സിലിണ്ടറുകൾ സൂക്ഷിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
















Leave a Reply