സലാല: ഒമാനിലെ സലാല – ഹൈമ റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. കണ്ണൂർ താഴെചൊവ്വ തിലന്നൂർ ബർഷമഹലിൽ ഫാത്തിമത്ത് ഷാന (24) ആണ് മരിച്ചത്. കണ്ണൂർ താഴെചൊവ്വ ഇളയാവൂർ സീബ് മൻസിലിൽ മുഹമ്മദ് ഷാനിദിന്റെ ഭാര്യയാണ്.
അപകടത്തിൽ ഷാനയുടെ ഭർത്താവ് മുഹമ്മദ് ഷാനിദ് (31), ഒപ്പമുണ്ടായിരുന്ന മുഹമ്മദ് അനസ് പൂളക്കൽ (26) എന്നിവർക്ക് പരിക്കേറ്റു. ഇവരെ സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജോലി കഴിഞ്ഞ് മടങ്ങവേ അപകടം
ഞായറാഴ്ച വൈകീട്ട് ഹൈമയിൽ സൈൻ ബോർഡ് ജോലികൾ പൂർത്തിയാക്കി തിരികെ സലാലയിലേക്ക് വരുന്നതിനിടെയാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന കാർ പെട്ടെന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.
മസ്കത്തിലെ സീബിൽ പ്രവർത്തിക്കുന്ന ‘ഫാൽക്കൺ ഗ്രാഫിക്സ്’ എന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് പരിക്കേറ്റ മുഹമ്മദ് ഷാനിദും മുഹമ്മദ് അനസും. അടുത്തിടെയാണ് ഫാത്തിമത്ത് ഷാന സന്ദർശന വിസയിൽ ഒമാനിൽ എത്തിയത്.
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു.
















Leave a Reply