കലക്ടർക്കും ആർ.ഡി.ഒയ്ക്കും നൽകിയ ഉറപ്പുകൾ കാറ്റിൽപ്പറത്തി മേഘ കൺസ്ട്രക്ഷൻസ്; നീലേശ്വരത്ത് റോഡ് ഉപരോധിച്ച് ജനകീയ സമരസമിതി

നീലേശ്വരം: സർവ്വീസ് റോഡിൻ്റെയും ഓവുചാലിൻ്റെയും നിർമാണം സമയബന്ധിതമായി പൂർത്തിയാക്കാമെന്ന് ജില്ലാ കലക്ടറുടെയും ആർ.ഡി.ഒയുടെയും സാന്നിധ്യത്തിൽ നൽകിയ ഉറപ്പുകൾ ലംഘിച്ച മേഘ കൺസ്ട്രക്ഷൻ കമ്പനിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കമ്പനിയുടെ അനാസ്ഥയിൽ പ്രതിഷേധിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു.

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ജനജീവിതം ദുസ്സഹമാക്കുന്ന രീതിയിലുള്ള കമ്പനിയുടെ നിരുത്തരവാദപരമായ സമീപനത്തിന് എതിരെയായിരുന്നു ഉപരോധം. റോഡ് ഉപരോധിച്ചതിനെത്തുടർന്ന് പ്രദേശത്ത് ഗതാഗതം തടസ്സപ്പെടുകയും പിന്നീട് പോലീസെത്തിയാണ് സമരക്കാരെ നീക്കം ചെയ്തത്.

ഉദ്യോഗസ്ഥരുടെ ഉറപ്പുകൾക്കും ‘പുല്ലുവില’

മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ കടുത്ത അനാസ്ഥയും ജനങ്ങളെ കബളിപ്പിക്കുന്ന രീതിയും ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് ജനകീയ സമരസമിതി വ്യക്തമാക്കി. കാസർഗോഡ് ജില്ലാ കലക്ടർ ശ്രീ. അർജുൻ പാണ്ഡ്യൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നിർമ്മാണ പണികൾ പൂർത്തിയാക്കാൻ ജൂൺ 22 വരെയായിരുന്നു കമ്പനിക്ക് സമയം അനുവദിച്ചിരുന്നത്.

എന്നാൽ ഈ കാലാവധി കഴിഞ്ഞിട്ടും പണികൾ എങ്ങുമെത്താതിരുന്ന സാഹചര്യത്തിൽ കാഞ്ഞങ്ങാട് ആർ.ഡി.ഒ ശ്രീ. സുധീപ് പി.യുടെ നേതൃത്വത്തിൽ ജൂൺ 24-ന് വീണ്ടും ചർച്ച നടത്തുകയും, സമയം ജൂലൈ 5 വരെ നീട്ടി നൽകുകയും ചെയ്തിരുന്നു. എന്നാൽ പ്രഖ്യാപിച്ച കാലാവധി കഴിഞ്ഞിട്ടും (ജൂലൈ 6) പണികൾ പൂർത്തിയാക്കാനോ കൃത്യമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനോ കമ്പനി തയ്യാറായിട്ടില്ല. തികച്ചും അശാസ്ത്രീയവും ധിക്കാരപരവുമായ രീതിയിലാണ് മേഘ കൺസ്ട്രക്ഷൻസ് മുന്നോട്ട് പോകുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ വാക്കുകൾക്ക് പോലും വില കൽപ്പിക്കാത്ത കമ്പനിയിൽ നിന്ന് സാധാരണക്കാർക്ക് എങ്ങനെ നീതി ലഭിക്കുമെന്നാണ് സമരസമിതി ഉയർത്തുന്ന ചോദ്യം.

ആർ.ഡി.ഒ ഇന്ന് സ്ഥലം സന്ദർശിക്കും; ശക്തമായ പ്രക്ഷോഭവുമായി സമരസമിതി

റോഡ് ഉപരോധത്തിന് പിന്നാലെ സമരസമിതി ഭാരവാഹികൾ കാഞ്ഞങ്ങാട് ആർ.ഡി.ഒയുമായി ബന്ധപ്പെട്ടു. തുടർന്ന് അദ്ദേഹം ഇന്ന് ഉച്ചയ്ക്ക് ശേഷം സ്ഥലം സന്ദർശിക്കാമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ആർ.ഡി.ഒയുടെ സന്ദർശനത്തിന് ശേഷമായിരിക്കും സമരസമിതി തങ്ങളുടെ തുടർനടപടികൾ തീരുമാനിക്കുക.

കമ്പനി ഇതേ നിലപാടാണ് തുടരുന്നതെങ്കിൽ, നിലവിൽ താൽക്കാലികമായി ഒരു മാസത്തേക്ക് തുറന്നുകൊടുത്തിട്ടുള്ള, മുകളിലൂടെ മണ്ണിച്ചിട്ടുയർത്തിയ വഴി തടയുമെന്ന് ജനകീയ സമരസമിതി ഭാരവാഹികൾ മുന്നറിയിപ്പ് നൽകി. ജനങ്ങളെ ദുരിതത്തിലാക്കുന്നതും വിഡ്ഢികളാക്കുന്നതുമായ സമീപനം തിരുത്തി നിർമ്മാണം വേഗത്തിലാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് സമരസമിതിയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *