നീലേശ്വരം: യാതൊരുവിധ മുൻകൂർ ചർച്ചകളും നടത്താതെ നീലേശ്വരം മാർക്കറ്റിലെ കോട്ടപ്പുറം ജംഗ്ഷനിൽ അണ്ടർപാസ് നിർമാണം ഏകപക്ഷീയമായി ആരംഭിക്കാനുള്ള നീക്കത്തിനെതിരെ പ്രദേശത്ത് ജനരോഷം ഇരമ്പുന്നു. ദേശീയപാത അതോറിറ്റിയുടെയും (NHAI) കരാർ കമ്പനിയായ മേഘ കൺസ്ട്രക്ഷന്റെയും ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള ഈ നീക്കം എന്ത് ത്യാഗം സഹിച്ചും തടയുമെന്ന് നീലേശ്വരം ജനകീയ സമര സമിതി പ്രഖ്യാപിച്ചു.
ആകാശപാത (ഫ്ലൈഓവർ) വിഷയത്തിൽ ശാശ്വതമായ ഒരു ചർച്ചയിലൂടെ പരിഹാരം കാണുന്നത് വരെ നിർമാണപ്രവർത്തനങ്ങൾ ഒരടിപോലും മുന്നോട്ട് കൊണ്ടുപോകാൻ അനുവദിക്കില്ലെന്നാണ് സമര സമിതിയുടെ മുന്നറിയിപ്പ്. പ്രദേശവാസികളുടെ ജനകീയ സമരം 93 ദിവസത്തിൽ എത്തി നിൽക്കുമ്പോഴാണ് ജനങ്ങളുടെ ന്യായമായ ആവശ്യത്തിന് നേരെ അധികാരികൾ വീണ്ടും കണ്ണടയ്ക്കുന്നത്.
നഗരത്തെ വിഭജിക്കുന്ന ‘കോൺക്രീറ്റ് കോട്ടകൾ’
യഥാർത്ഥ പ്ലാനിൽ ഇല്ലാത്ത ഈ അണ്ടർപാസ് നിർമാണം നീലേശ്വരം നഗരത്തിന്റെ നെടുംതൂണായ രാജാ റോഡിലേക്കുള്ള പ്രവേശന കവാടത്തെ പൂർണ്ണമായും ഇല്ലാതാക്കുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നു. നീലേശ്വരം നഗരത്തെ രണ്ടായി വിഭജിച്ചുകൊണ്ട് ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന ഈ കോൺക്രീറ്റ് കോട്ടകൾ പ്രദേശത്തെ നൂറുകണക്കിന് വിദ്യാർത്ഥികൾ ആശ്രയിക്കുന്ന എ.യു.പി സ്കൂളിന്റെ നിലനിൽപ്പിനും സുരക്ഷയ്ക്കും കടുത്ത ഭീഷണിയാണ് ഉയർത്തുന്നത്.
രക്ഷയ്ക്ക് ആകാശപാത മാത്രം
അണ്ടർപാസിന് പകരം, നെടുംങ്കണ്ട മുതൽ കരുവാച്ചേരി വരെ തൂണുകളിന്മേൽ നിർമിക്കുന്ന ആകാശപാത (Elevated Highway) മാത്രമാണ് ഈ പ്രശ്നത്തിന് ഏക പ്രതിവിധിയെന്ന് സമര സമിതി ചൂണ്ടിക്കാണിക്കുന്നു. ആകാശപാത വരുന്നതിലൂടെ നഗരത്തിന്റെ വികസനത്തെയോ ജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യത്തെയോ ബാധിക്കാതെ ദേശീയപാത വികസനം സാധ്യമാകും.
സമരം ശക്തമാക്കാൻ തീരുമാനം
നീലേശ്വരത്തിന്റെ ചരിത്രപരമായ പ്രധാന്യവും ഭാവി വികസനവും തകർക്കുന്ന ഈ ജനവിരുദ്ധ നയത്തിനെതിരെ വരും ദിവസങ്ങളിൽ അതിശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ജനകീയ സമര സമിതിയുടെ തീരുമാനം. ജനങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ച് ആകാശപാത അനുവദിക്കുന്നത് വരെ നിർമാണസ്ഥലം ഉപരോധിക്കുന്നത് അടക്കമുള്ള ശക്തമായ ജനകീയ പ്രതിരോധം തുടരുമെന്ന് സമര സമിതി ഭാരവാഹികൾ അറിയിച്ചു.













Leave a Reply