കാസർകോട്: ഭാവി പൗരന്മാരെ ഭരണസംവിധാനങ്ങളോട് ചേർത്തുനിർത്തുക എന്ന ലക്ഷ്യത്തോടെ കാസർകോട് ജില്ലാ ഭരണകൂടം നടപ്പിലാക്കുന്ന ‘നമസ്‌തേ കളക്ടര്‍’ പദ്ധതി കളക്ടറേറ്റിൽ വേറിട്ടൊരു അനുഭവമായി. കുടുംബശ്രീ ജില്ലാ മിഷന്റെ കൊറഗ പ്രത്യേക പദ്ധതിയുടെ ഗുണഭോക്താക്കളായ വോർക്കാടി, എൻമകജെ, മംഗൽപാടി, പൈവളികെ, മീഞ്ച എന്നീ അതിർത്തി ഗ്രാമങ്ങളിൽ നിന്നുള്ള 24 കുട്ടികളാണ് പദ്ധതിയുടെ ഏഴാമത്തെ ബാച്ചായി കളക്ടറേറ്റിൽ എത്തിയത്. വിദ്യാർത്ഥികളുടെ സാന്നിധ്യവും അവരുടെ തുറന്നുപറച്ചിലുകളും ജില്ലാ ഭരണസംവിധാനത്തിന് തന്നെ ഹൃദയസ്പർശിയായ അനുഭവമായി മാറി.
യാത്രാക്ലേശവും പഠനമുറിയുടെ കുറവും; കളക്ടറോട് സങ്കടം പറഞ്ഞ് കുട്ടികൾ
മീഞ്ച, മംഗൽപാടി, എൻമകജെ പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന തങ്ങൾക്ക് പഠനമുറി സൗകര്യങ്ങളുടെ അഭാവമുണ്ടെന്ന് വിദ്യാർത്ഥികൾ കളക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. ഉൾപ്രദേശങ്ങളായതിനാൽ സ്കൂളുകളിലെത്താൻ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. അതിനാൽ തങ്ങളുടെ പ്രദേശങ്ങളെക്കൂടി ‘വിദ്യാവാഹിനി’ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കുട്ടികൾ കളക്ടറോട് ആവശ്യപ്പെട്ടു. മീഞ്ച, വോർക്കാടി പ്രദേശങ്ങളിൽ പഠനാവശ്യങ്ങൾക്കായി ഒരു കമ്മ്യൂണിറ്റി ഹാൾ നിർമിക്കണമെന്ന ആവശ്യവും കുട്ടികൾ മുന്നോട്ടുവെച്ചു.
അടിയന്തര നിർദേശവുമായി കളക്ടർ; രണ്ട് കുട്ടികൾക്ക് സൈക്കിൾ
കുട്ടികൾ ഉന്നയിച്ച വിഷയങ്ങളിൽ അടിയന്തര ഇടപെടൽ നടത്താൻ ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് വേദിയിൽ വെച്ചുതന്നെ നിർദേശം നൽകി. കൂടാതെ, യാത്രാസൗകര്യത്തിനായി സൈക്കിൾ ആവശ്യപ്പെട്ട രണ്ട് കുട്ടികൾക്ക് എത്രയും പെട്ടെന്ന് സൈക്കിൾ വാങ്ങി നൽകാൻ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർക്ക് കളക്ടർ ഉത്തരവ് നൽകി.
പരിപാടിയിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ രതീഷ് പിലിക്കോട്, ഡി.പി.എം കെ.ടി. ജിതിൻ, കുടുംബശ്രീ ആനിമേഷൻ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
എന്താണ് ‘നമസ്‌തേ കളക്ടര്‍’? ജില്ലാ ഭരണസംവിധാനവും വിദ്യാർത്ഥികളും തമ്മിലുള്ള ആശയവിനിമയം ശക്തമാക്കുക, ഭരണപ്രക്രിയയിൽ യുവജന പങ്കാളിത്തം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ മാർച്ച് 18-നാണ് ‘നമസ്‌തേ കളക്ടർ’ പദ്ധതിക്ക് തുടക്കമിട്ടത്. ഭരണസംവിധാനങ്ങളെ അടുത്തറിയാൻ കുട്ടികൾക്ക് അവസരം നൽകുന്ന ഈ പദ്ധതി വരും ദിവസങ്ങളിൽ ജില്ലയിലെ കൂടുതൽ സർക്കാർ സ്കൂളുകളിലേക്കും കോളേജുകളിലേക്കും വ്യാപിപ്പിക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.













Leave a Reply