മഴയ്ക്ക് മുൻപ് സുരക്ഷ ഉറപ്പാക്കാൻ കളക്ടർ നേരിട്ടിറങ്ങി; ചെർക്കള, ബേവിഞ്ച, തെക്കിൽ ദേശീയപാത നിർമ്മാണ മേഖലകളിൽ സന്ദർശനം നടത്തി

കാസർകോട്: വരാനിരിക്കുന്ന കനത്ത മഴ കണക്കിലെടുത്ത് ജില്ലയിലെ മഴക്കാലപൂർവ്വ വിലയിരുത്തലുകളുടെ ഭാഗമായി ദേശീയപാത 66-ൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ചെർക്കള, ബേവിഞ്ച, തെക്കിൽ എന്നീ പ്രദേശങ്ങളിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഐ.എ.എസിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം നേരിട്ടെത്തി സന്ദർശനം നടത്തി.
ഇന്ന് (ജൂൺ 2) ഉച്ചയ്ക്ക് 2.30 ഓടെയാണ് കളക്ടറും സംഘവും നിർമ്മാണ മേഖലകളിൽ പരിശോധന നടത്തിയത്. മഴക്കാലത്ത് ഈ ഭാഗങ്ങളിൽ ഉണ്ടായേക്കാവുന്ന വെള്ളക്കെട്ട്, യാത്രാതടസ്സം, മണ്ണൊലിപ്പ് തുടങ്ങിയ സുരക്ഷാ പ്രശ്നങ്ങൾ മുൻകൂട്ടി കണ്ട് പരിഹരിക്കുന്നതിനാണ് സംഘം പ്രാധാന്യം നൽകിയത്.
ജില്ലാ കളക്ടർക്കൊപ്പം ജില്ലാ പോലീസ് മേധാവി, മോട്ടോർ വാഹന വകുപ്പ് (MVD) ഉദ്യോഗസ്ഥർ, ആർ.ടി.ഒ (RTO), ദേശീയപാത നിർമ്മാണച്ചുമതലയുള്ള മേഘ കൺസ്ട്രക്ഷൻ കമ്പനി അധികൃതർ എന്നിവരും മറ്റ് ഉയർന്ന ഉദ്യോഗസ്ഥരും സന്ദർശന സംഘത്തിലുണ്ടായിരുന്നു.
മഴക്കാലത്ത് പൊതുജനങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാകാത്ത രീതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ക്രമീകരിക്കണമെന്നും, സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും കളക്ടറും സംഘവും നിർമ്മാണ കമ്പനി അധികൃതർക്ക് കർശന നിർദ്ദേശം നൽകി.

Leave a Reply

Your email address will not be published. Required fields are marked *