കാഞ്ഞങ്ങാട് തട്ടിക്കൊണ്ടുപോകൽ കേസ്: ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി സുഹൈൽ പിടിയിൽ; പിടികൂടാൻ ശ്രമിച്ച മൂന്ന് പൊലീസുകാർക്ക് പരിക്

കാസർകോട്: കാഞ്ഞങ്ങാട് കൊളവയൽ സ്വദേശിയെ കാറിൽ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതിയെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തിന് നേരെ ഗുണ്ടാസംഘത്തിന്റെ ക്രൂരമായ ആക്രമണം. ആക്രമണത്തിൽ മൂന്ന് പൊലീസുകാർക്ക് പരിക്കേറ്റു. ഇതിൽ ഒരു സിവിൽ പൊലീസ് ഓഫീസറുടെ പരിക്ക് ഗുരുതരമാണ്. വിവരമറിഞ്ഞ് കൂടുതൽ പൊലീസെത്തി പ്രതിയായ ഉപ്പള മണിമുണ്ട സ്വദേശി സുഹൈലിനെ (30) ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു. നിരവധി കേസുകളിൽ പ്രതിയും മംഗളൂരുവിൽ ഉണ്ടായ അക്രമത്തിൽ കൊല്ലപ്പെടുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ടാതലവൻ കാലിയാ റഫീക്കിന്റെ മകനാണ് പിടിയിലായ സുഹൈൽ എന്ന് പൊലീസ് പറഞ്ഞു.
2026 മാർച്ച് 4-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കാഞ്ഞങ്ങാട് ഇക്ബാൽ റോഡ് ജംഗ്ഷനിൽ വെച്ച് കൊളവയൽ സ്വദേശിയായ ഷഹദ് എന്ന യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഈ കേസിലെ മറ്റ് കൂട്ടാളികളെ നേരത്തെ തന്നെ പൊലീസ് പിടികൂടിയിരുന്നുവെങ്കിലും സുഹൈൽ ദീർഘനാളായി ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. പ്രതി ഉപ്പള മണിമുണ്ടയിലുള്ള തന്റെ വീട്ടിൽ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നാണ് ഹൊസ്‌ദുർഗ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള പൊലീസും ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡംഗങ്ങളായ സജീഷ്, നികേഷ്, തോമസ് എന്നിവരും സ്ഥലത്തെത്തിയത്.
പൊലീസിനെ കണ്ടതോടെ പ്രതി വീട്ടിൽ നിന്നും ഇറങ്ങിയോടുകയും തുടർന്ന് പൊലീസ് പിന്തുടർന്നപ്പോൾ ഇയാൾ സമീപത്തെ മറ്റൊരു വീട്ടിലേക്ക് ഓടിക്കയറുകയും ചെയ്തു. പ്രതി രക്ഷപ്പെടാതിരിക്കാൻ വീടിന്റെ ഇരുവശങ്ങളിലുമായി പൊലീസ് നിലയുറപ്പിച്ചു. ഇതിനിടയിലാണ് ഇരുമ്പുദണ്ഡുമായി പുറത്തേക്ക് പാഞ്ഞടുത്ത സുഹൈൽ, സിവിൽ പൊലീസ് ഓഫീസറായ സജീഷിനെ ക്രൂരമായി ആക്രമിച്ചത്.
വീടിന്റെ പിൻഭാഗത്തുണ്ടായിരുന്ന മറ്റ് പൊലീസുകാർ ഓടിയെത്തി പ്രതിയെ കസ്റ്റഡിയിലെടുത്ത് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചെങ്കിലും, പ്രതിയുടെ മാതാവും ഭാര്യയും സുഹൃത്തുക്കളും അടങ്ങുന്ന എട്ടോളം പേരടങ്ങുന്ന സംഘം പൊലീസിനെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഈ അക്രമത്തിലാണ് തോമസിനും നികേഷനും പരിക്കേറ്റത്.
സംഭവം വഷളായതോടെ മഞ്ചേശ്വരം സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തുകയും പരിക്കേറ്റ പൊലീസുകാരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. പൊലീസിനെ ആക്രമിച്ച സംഭവത്തിൽ സുഹൈലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ എട്ടുപേർക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായ സുഹൈലിനെ കൂടുതൽ നടപടികൾക്കായി കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *