കാസർകോട്: ജില്ലയിൽ കഴിഞ്ഞ ദിവസം പെയ്ത ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ബദിയടുക്ക മണിയമ്പാറയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് വൻമരം കടപുഴകി വീണു. ചൊവ്വാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു അപകടം. കാർ പൂർണ്ണമായും തകർന്നെങ്കിലും യാത്രക്കാരനായിരുന്ന ഡോക്ടർ അത്ഭുതകരമായാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.
സീതാംഗോളിൽ ക്ലിനിക് നടത്തുന്ന പെർള സ്വദേശി ഡോക്ടർ വിഷ്ണു പ്രസാദാണ് അപകടത്തിൽപ്പെട്ടത്. ഉക്കിനടുക്ക നെല്ലിക്കുഞ്ഞയിലെ ക്ഷേത്ര പരിപാടിയിൽ പങ്കെടുക്കാൻ ക്ലിനിക്കിൽ നിന്ന് പോകുമ്പോഴായിരുന്നു മരണം മുന്നിൽ കണ്ട നിമിഷങ്ങൾ. ശക്തമായ കാറ്റിൽ റോഡരികിലെ കൂറ്റൻ മരം പെട്ടെന്ന് കാറിന് മുകളിലേക്ക് പതിക്കുകയായിരുന്നു.
മരം വീണ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. സമീപത്തെ വൈദ്യുതി പോസ്റ്റും ലൈനുകളും തകർന്ന് റോഡിലേക്ക് വീണതോടെ പ്രദേശത്തെ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തുകയും കാറിനുള്ളിൽ കുടുങ്ങിയ ഡോക്ടറെ പുറത്തെടുക്കുകയും ചെയ്തു. വലിയൊരു ദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണ് ഇപ്പോൾ നാട്ടുകാർ.
മണിയമ്പാറയിൽ മരം കടപുഴകി കാറിന് മുകളിലേക്ക് വീണു; യാത്രക്കാരനായ ഡോക്ടർ രക്ഷപ്പെട്ടത് അത്ഭുതകരമായി













Leave a Reply