കുമ്പള: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് കുമ്പള പഞ്ചായത്തിലെ ഗ്രാമവണ്ടി സർവീസ് കെഎസ്ആർടിസി നിർത്തിവെച്ചു. ആറ് മാസത്തെ കുടിശികയായ ഏഴ് ലക്ഷത്തോളം രൂപ പഞ്ചായത്ത് നൽകാത്തതിനെ തുടർന്നാണ് നടപടി. ഇതോടെ മലയോര മേഖലകളിലെയും ഗ്രാമപ്രദേശങ്ങളിലെയും യാത്രക്കാർ വലിയ യാത്രാദുരിതത്തിലാണ്.
ഗ്രാമപ്രദേശങ്ങളിലെ യാത്രാക്ലേശം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 2023-ലാണ് കുമ്പള പഞ്ചായത്തിന്റെ സഹകരണത്തോടെ കെഎസ്ആർടിസി ഗ്രാമവണ്ടി പദ്ധതി ആരംഭിച്ചത്. കരാർ പ്രകാരം ഡീസൽ ഇനത്തിലും മറ്റുമായി പ്രതിമാസം 1.25 ലക്ഷം രൂപയാണ് പഞ്ചായത്ത് കെഎസ്ആർടിസിക്ക് നൽകേണ്ടത്. എന്നാൽ കഴിഞ്ഞ നവംബർ മുതൽ ഏപ്രിൽ വരെയുള്ള തുക കുടിശികയായതോടെയാണ് ഈ മാസം ഒന്നാം തീയതി മുതൽ സർവീസ് നിർത്തിവെക്കാൻ അധികൃതർ തീരുമാനിച്ചത്.
നിലവിലെ കരാർ കാലാവധി ഈ മാസം 31 വരെ നീണ്ടുനിൽക്കുന്നുണ്ടെങ്കിലും, കുടിശിക വർധിച്ചത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കുടിശിക തീർത്താൽ മാത്രമേ സർവീസ് പുനരാരംഭിക്കാൻ കഴിയൂ എന്ന നിലപാടിലാണ് കെഎസ്ആർടിസി. പണം അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും പലതവണ കത്തുകൾ അയച്ചിട്ടും യാതൊരു മറുപടിയും ലഭിച്ചില്ലെന്നും കെഎസ്ആർടിസി അധികൃതർ ആരോപിക്കുന്നു.
വിദ്യാർത്ഥികളും സാധാരണക്കാരുമായ യാത്രക്കാർ ഏറെ ആശ്രയിച്ചിരുന്ന ഗ്രാമവണ്ടി നിലച്ചത് പ്രദേശവാസികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തുക വേഗത്തിൽ അനുവദിച്ച് സർവീസ് പുനരാരംഭിക്കാൻ പഞ്ചായത്ത് അധികൃതർ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.













Leave a Reply