കാസർകോട്: അഡൂരിൽ മേശവലിപ്പിനുള്ളിൽ കണ്ടെത്തിയ പാമ്പിനെ കണ്ട് വീട്ടുകാർ ആദ്യം ഒന്ന് അമ്പരന്നു. വെറുമൊരു പാമ്പല്ല, ശരീരത്തിൽ സ്വർണ്ണമോതിരം കുടുങ്ങിയ നിലയിലായിരുന്നു ഈ ചേര. അഡൂർ പതിക്കാലിലെ രവിയുടെ വീട്ടിലാണ് അത്യപൂർവ്വമായ ഈ സംഭവം നടന്നത്. ചൊവ്വാഴ്ച രാവിലെ വീടിനുള്ളിലെ മേശവലിപ്പ് തുറന്ന കുട്ടികളാണ് പാമ്പിനെ ആദ്യം കണ്ടത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റർ കൃഷ്ണൻ സ്ഥലത്തെത്തി. പിന്നീട് പാമ്പ് റെസ്ക്യൂവർമാരായ അനിലും മഹേഷും ചേർന്ന് നടത്തിയ പരിശോധനയിലാണ് പാമ്പിന്റെ ശരീരത്തിൽ സ്വർണ്ണമോതിരം കുടുങ്ങിയതായി കണ്ടെത്തിയത്.
ഏകദേശം അഞ്ചടിയോളം നീളമുള്ള ചേരയുടെ ശരീരത്തിൽ മോതിരം വരിഞ്ഞുമുറുകിയ നിലയിലായിരുന്നു. ഇതിനാൽ പാമ്പ് ഏറെ അവശനിലയിലുമായിരുന്നു. റെസ്ക്യൂവർമാർ അതീവ ജാഗ്രതയോടെ മോതിരം മുറിച്ചുമാറ്റിയതോടെയാണ് പാമ്പിന് ജീവൻ തിരിച്ചുകിട്ടിയത്.
ഇത്തരമൊരു അനുഭവം ആദ്യമായാണെന്ന് ഫോറസ്റ്റർ കൃഷ്ണൻ പറഞ്ഞു. കനത്ത ചൂട് കാരണം തണുപ്പ് തേടി പാമ്പ് വീടിനുള്ളിലേക്ക് കയറിയതാവാം പാമ്പെന്നും എങ്ങനെയോ ശരീരത്തിൽ മോതിരം കുടുങ്ങുകയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശരീരത്തിലെ മുറിവുകൾ പരിശോധിച്ച ശേഷം ചേരയെ പിന്നീട് സുരക്ഷിതമായി വനത്തിലേക്ക് തുറന്നുവിട്ടു. എന്തായാലും നാടെങ്ങും പാമ്പുശല്യം രൂക്ഷമാകുന്നതിനിടയിൽ അഡൂരിലെ ഈ കാഴ്ച നാട്ടുകാർക്കും കൗതുകമായി.













Leave a Reply