നുള്ളിപ്പാടി കൊലപാതകം: പ്രതിയെ തന്ത്രപരമായി പൂട്ടി കാസർകോട് പൊലീസ്; പിടിയിലായത് കർണ്ണാടക സ്വദേശി

കാസർകോട്: നുള്ളിപ്പാടിയിൽ ദേശീയപാതയോരത്തെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ലിഫ്റ്റിനുള്ള കുഴിയിൽ തള്ളിയ കേസിൽ പ്രതി പിടിയിൽ. കർണ്ണാടക, ധാർവാഡ് സ്വദേശിയായ എച്ച്. മഞ്ചുനാഥ എന്ന മഞ്ചപ്പ (45) യെയാണ് കാസർകോട് ടൗൺ പൊലീസ് പിടികൂടിയത്. കർണ്ണാടക ഗദക് സ്വദേശി ചന്ദ്രശേഖർ സുരേഷ് പട്ടാട് (38) കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്.

കഴിഞ്ഞ മാർച്ച് 10-ന് രാത്രി പത്ത് മണിയോടെയാണ് കൊലപാതകം നടന്നത്. നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഉടമയുടെ മകൻ രാത്രി സ്ഥലത്തെത്തിയപ്പോഴാണ് ലിഫ്റ്റ് സ്ഥാപിക്കാൻ തയ്യാറാക്കിയ കുഴിയിൽ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ആധാർ കാർഡ് വഴിത്തിരിവായി
കൊലപാതകം നടന്ന കെട്ടിടത്തിനുള്ളിൽ രക്തത്തുള്ളികളും പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്. കൃത്യം നടന്ന സ്ഥലത്തുനിന്ന് പൊലീസിന് ലഭിച്ച ഒരു ആധാർ കാർഡാണ് അന്വേഷണത്തിൽ നിർണ്ണായകമായത്.

കാസർകോട് ടൗൺ പൊലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെയാണ് പ്രതി മഞ്ചുനാഥയെ വലയിലാക്കിയത്. ഇയാളെ നിലവിൽ വിശദമായി ചോദ്യം ചെയ്തുവരികയാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *