കാരുണ്യത്തിന്റെ പാഠങ്ങൾ തേടി പത്തനാപുരം ഗാന്ധിഭവനിൽ കാസർകോടൻ സംഘത്തിന്റെ സന്ദർശനം

പത്തനാപുരം: കേരളത്തിലെ ഏറ്റവും വലിയ മതേതര കാരുണ്യ പ്രസ്ഥാനമായ പത്തനാപുരം ഗാന്ധിഭവന്റെ പ്രവർത്തനങ്ങൾ നേരിട്ടറിയാൻ കാസർകോട് ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളും സാമൂഹ്യ പ്രവർത്തകരുമെത്തി. ബളാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവരുടെയും വെള്ളരിക്കുണ്ട് ഗാന്ധിഭവൻ ലവ് ആൻഡ് കെയർ മാനേജർ റോബി സണ്ണിയുടെയും നേതൃത്വത്തിലാണ് സംഘം എത്തിയത്.
വൃദ്ധജനങ്ങളും അനാഥരും ഭിന്നശേഷിക്കാരും ഉൾപ്പെടെ രണ്ടായിരത്തി അഞ്ഞൂറിലധികം അന്തേവാസികൾ കഴിയുന്ന ഗാന്ധിഭവനിലെ വിവിധ കേന്ദ്രങ്ങൾ സംഘം സന്ദർശിച്ചു. ഇന്നലെ വൈകുന്നേരം 6 മണിക്ക് വെള്ളരിക്കുണ്ട് ഗാന്ധിഭവൻ ലൗ ആൻ്റ് കെയർ സ്ഥാപനത്തിൽ നിന്നും യാത്ര തിരിച്ച സംഘം ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് പത്തനാപുരത്ത് എത്തിയത്.
ആദരവ് കൈമാറി:
വെള്ളരിക്കുണ്ട് ഗാന്ധിഭവൻ ലൗ ആൻ്റ് കെയർ സ്ഥാപനത്തിൻ്റെ പ്രവർത്തനങ്ങൾക്ക് മികച്ച പിന്തുണ നൽകുന്ന ബളാൽ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും സാമൂഹ്യപ്രവർത്തകരും ചേർന്നുള്ള ‘തണൽ’ കൂട്ടായ്മയുടെ ആദരവ് ഗാന്ധിഭവൻ മാനേജിംഗ് ട്രസ്റ്റി പുനലൂർ സോമരാജന് കൈമാറി. ബളാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം അദ്ദേഹത്തെ പൊന്നാട അണിയിച്ചു. സന്ദർശനത്തിനെത്തിയ എല്ലാ അതിഥികൾക്കും പുനലൂർ സോമരാജൻ ഗാന്ധിഭവന്റെ ഉപഹാരങ്ങൾ നൽകി.
സാബിറ എവറസ്റ്റ്, അബ്ദുൽ ഖാദർ, പ്രിൻസ് ജോസഫ്, സന്ധ്യ ശിവൻ, നാസർ ചെർക്കളം തുടങ്ങിയ ജനപ്രതിനിധികളും മുൻ ജനപ്രതിനിധികളും സാമൂഹ്യ പ്രവർത്തകരും സംഘത്തിലുണ്ടായിരുന്നു. പുതിയ കാഴ്ചപ്പാടുകളും അനുഭവങ്ങളുമായി വൈകുന്നേരത്തോടെ സംഘം കാസർകോട്ടേക്ക് തിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *