16കാരിക്ക് 28കാരൻ വരൻ; കാസർകോട് അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം

കാസർകോട്: ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ എടച്ചാക്കൈ അഴീക്കൽ ജുമാമസ്‌ജിദിൽ ശൈശവ വിവാഹം നടന്നതായി സ്ഥിരീകരിച്ചു. സംഭവത്തിൽ ശൈശവ വിവാഹ നിരോധന നിയമപ്രകാരം ചന്തേര പൊലീസ് ക്രിമിനൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശൈശവ വിവാഹ നിരോധന ഓഫീസർ കഴിഞ്ഞ ദിവസം ഹൊസ്‌ദുർഗ് കോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
രേഖകൾ ഹാജരാക്കിയില്ല; വിവാഹം നടത്തിയത് വരന്റെ നാട്ടിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ‘കാനത്ത്’ (വിവാഹ ചടങ്ങ്) നടന്നതായാണ് പരാതി ഉയർന്നത്. പെൺകുട്ടിയുടെ വയസ്സ് തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ സാധിക്കാത്തതിനാൽ സ്വന്തം മഹല്ല് കമ്മിറ്റി വിവാഹം നടത്തിക്കൊടുക്കാൻ തയ്യാറായിരുന്നില്ല. ഇതേത്തുടർന്ന് വരന്റെ നാട്ടിലെ പള്ളിയിൽ വെച്ച് ബന്ധുക്കളുടെയും കമ്മിറ്റി ഭാരവാഹികളുടെയും സാന്നിധ്യത്തിൽ വിവാഹം നടത്തുകയായിരുന്നു എന്നാണ് വിവരം. ഏപ്രിൽ 13-നായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്.
വിഷയത്തിൽ ചൈൽഡ് ലൈന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ശിശുക്ഷേമ വകുപ്പിന് കീഴിലുള്ള ശൈശവ വിവാഹ നിരോധന ഓഫീസർ നേരിട്ട് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിൽ വിവാഹം നടന്നതായി സ്ഥിരീകരിച്ചതോടെയാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്.
കേസ് രജിസ്റ്റർ ചെയ്തതോടെ ചന്തേര പൊലീസ് വിശദമായ അന്വേഷണത്തിലേക്ക് കടന്നു. എന്നാൽ, വിവാഹം നടന്നുവെന്ന വാദത്തിന് കൃത്യമായ തെളിവുകൾ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് സൂചനകളുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ മൊഴിയെടുപ്പുകളും രേഖാപരിശോധനയും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *