എ പി അനില്‍കുമാറിന്റെ ഭൂരിപക്ഷം പ്രവചിക്കുന്നവര്‍ക്ക് 20,001 രൂപ സമ്മാനം

വണ്ടൂര്‍: വണ്ടൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എ പി അനില്‍കുമാറിന്റെ ഭൂരിപക്ഷം പ്രവചിക്കുന്നവര്‍ക്ക് 20,001 രൂപ സമ്മാനം പ്രഖ്യാപിച്ച് പ്രവാസി കോണ്‍ഗ്രസ്. മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയു എന്നതാണ് കണ്ടീഷന്‍. പ്രവാസി കോണ്‍ഗ്രസ് വണ്ടൂര്‍ ബ്ലോക്ക് കമ്മിറ്റിയാണ് പ്രവചന മത്സരം നടത്തുന്നത്. ഇത്തവണ ഭരണം പിടിക്കുമെന്ന ആത്മവിശ്വാസമുള്ള യുഡിഎഫ്, വിജയ പ്രതീക്ഷ വച്ച് പുലര്‍ത്തുന്ന മണ്ഡലങ്ങളിലൊന്നാണ് വണ്ടൂര്‍. അതിനാല്‍ എ പി അനില്‍കുമാറിന് ഇത്തവണം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം ലഭിക്കുമെന്ന കണക്കൂട്ടലിലാണ് യുഡിഎഫ് നേതൃത്വവും.

പ്രവാസി കോണ്‍ഗ്രസ് വണ്ടൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഹാരിസ് നീലാമ്പ്രയുടെ ഫേസ്ബുക്ക് പേജിലാണ് മത്സരം. മേയ് മൂന്നിന് അര്‍ധരാത്രി 12വരെ ഭൂരിപക്ഷം എത്രയാണെന്ന് പേജിലെ പോസ്റ്റില്‍ വണ്ടൂരിലെ വോട്ടര്‍മാര്‍ക്ക് വോട്ടു ചെയ്യാം. ഒന്നില്‍ കൂടുതല്‍ പേര്‍ ശരിയുത്തരം കമന്റ് ചെയ്താല്‍ നറുക്കെടുപ്പ് വഴി വിജയികളെ തീരുമാനിക്കാനാണ് തീരുമാനം. വോട്ടെടുപ്പിന് മുമ്പ് കായംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം ലിജുവിന്റെ ഭൂരിപക്ഷ പ്രവചന മത്സരം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *