തൊക്കോട്ട് ഗുണ്ടാതലവന്‍ കൊല്ലപ്പെട്ട കേസില്‍ 7 പേര്‍ പിടിയില്‍

ബന്ദര്‍ മീന്‍മാര്‍ക്കറ്റിലെ വ്യാപാരിയായ ഉള്ളാളിലെ റൗഡിഷീറ്റര്‍ ആരിഫി (39)നെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
മംഗളൂരു: മംഗളൂരു മേഖലയിൽ ഭീതി പടർത്തിയിരുന്ന റൗഡി ഷീറ്റർ ടാബ്ലറ്റ് ആരിഫിന്റെ കൊലപാതകത്തിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. റിഫാത്ത്, ജുട്ടു അഷ്ഫാഖ്, ഖലീൽ, ഷാക്കിർ, ഇർഫാൻ, റിസ്‌വാൻ എന്നിങ്ങനെ ആറംഗ സംഘമാണ് കൊലപാതകത്തിന് നേരിട്ട് നേതൃത്വം നൽകിയത്. വാഹന സൗകര്യം ഏർപ്പെടുത്തിയ ഇർഷാദ് ഉൾപ്പെടെ ഏഴ് പേരാണ് നിലവിൽ പോലീസ് കസ്റ്റഡിയിലുള്ളത്.
മാർച്ച് 27ന് പുലർച്ചെ മംഗ്ളൂരു, ബന്ദർ മീൻമാർക്കറ്റിലെ വ്യാപാരിയായ ഉള്ളാളിലെ റൗഡിഷീറ്റർ ആരിഫി (39)നെ തൊക്കോട്ട് മേൽപ്പാലത്തിൽ വച്ചാണ് ഒരു സംഘം ക്രൂരമായി വെട്ടി കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന ദിവസം പ്രതികൾ ഇരയെ കൃത്യമായി പിന്തുടർന്നിരുന്നു. ഇര സഞ്ചരിച്ചിരുന്ന ബൈക്കിനെ ഒരു എം.യു.വി കാറിൽ പിന്തുടർന്ന സംഘം, ആസൂത്രിതമായ നീക്കത്തിലൂടെയാണ് ആക്രമണം നടത്തിയത്. ഏറെ നാളത്തെ വൈരാഗ്യമാണ് ഈ ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തുനിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളും രഹസ്യവിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ അതിവേഗം നിയമത്തിന് മുന്നിലെത്തിക്കാൻ പോലീസിനെ സഹായിച്ചത്.
അറസ്റ്റിലായ പ്രതികൾക്ക് വിദേശ ബന്ധം ഉള്ളതായാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. കൊലപാതകത്തിനു ശേഷം പ്രതികൾക്കു രക്ഷപ്പെടുന്നതിനും ഒളിവിൽ കഴിയുന്നതിനും സാമ്പത്തിക സഹായം നൽകിയതായും അന്വേഷണത്തിൽ വ്യക്തമായി. അന്വേഷണം പൂർത്തിയാകുന്നതോടെ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് പൊലീസ് നൽകുന്ന സൂചന
പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *